ശബരിമലയിൽ ഇതേവരെ 55 വയസിൽ താഴെയുള്ള 51 വനിതകൾ ദർശനം നടത്തിയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ദർശനം നടത്തിയവരുടെ പേരും മറ്റു വിശദാംശങ്ങളും അടങ്ങുന്ന പട്ടികയും സർക്കാർ കോടതിയിൽ സമർപിച്ചിട്ടുണ്ട്.
സർക്കാർ സംവിധാനത്തിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ശബരിമലയിൽ ദർശനത്തിനെത്തിയവരുടെ വിശദാംശങ്ങളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിൻൽനിന്നും ദർശനം നടത്തിയ വനിതകളുടെ വിവരങ്ങൾ നൽകിയിട്ടില്ല. ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന, ഗോവ എന്നി സംസ്ഥാനങ്ങളിൽ നിന്നുമുള്ള വനിതകളാണ് പട്ടികയിൽ ഭൂരിഭാഗവും.
ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗക്കും മതിയായ സംരക്ഷണം നൽകണം എന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഇരുവർക്കും സുരക്ഷ നൽകുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് തന്ത്രി നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ കോടതി പ്രതികരിച്ചില്ല. തങ്ങൾക്ക് എല്ലാം അറിയാം എന്നുമാത്രമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. വിധി വന്നതിന് ശേഷം ഇതാദ്യമായാണ് എത്ര യുവതികൾ ശബരിമലയിൽ ദർശനം നടത്തി എന്ന് സർക്കാർ കോടതിയിൽ കണക്ക് നൽകുന്നത്.