Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിമന്യുവിന് ഇപ്പോഴും അയിത്തം? അവന്റെ പാട്ട് കേൾക്കുമ്പോൾ വിതുമ്പാത്ത മനുഷ്യരില്ല, എന്നിട്ടും? - ആഞ്ഞടിച്ച് എ എ റഹീം

നിങ്ങളുടെ അശ്ലീലമായ അലര്‍ച്ച അഭിമന്യുമാര്‍ക്കു വേണ്ട!

അഭിമന്യുവിന് ഇപ്പോഴും അയിത്തം? അവന്റെ പാട്ട് കേൾക്കുമ്പോൾ വിതുമ്പാത്ത മനുഷ്യരില്ല, എന്നിട്ടും? - ആഞ്ഞടിച്ച് എ എ റഹീം
, ബുധന്‍, 4 ജൂലൈ 2018 (15:12 IST)
മഹാരാജാസ് കൊളെജിലെ എസ് എഫ് ഐ വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാതൃഭൂമി ചാനലിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് എ.എ റഹീം. 
 
മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ പോപുലര്‍ ഫ്രണ്ട് മത തീവ്രവാദികള്‍ അരും കൊല ചെയ്തപ്പോള്‍ മാതൃഭൂമി സ്വീകരിച്ച നിലപാടിനെതിരെയാണ് റഹീം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.
 
നിങ്ങളുടെ അശ്ലീലമായ അലര്‍ച്ച അഭിമന്യുമാര്‍ക്കു വേണ്ടെന്ന് റഹീം പറയുന്നു. വിഷം തീണ്ടിയ മസ്തിഷ്‌കവും,ചോര മണക്കുന്ന ആയുധങ്ങളുമായി പതിയിരിക്കുന്ന മത തീവ്രവാതത്തെക്കാള്‍ ആപത്ക്കരമാണ് നിങ്ങളുടെ നിലപാടുകളെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
അഭിമന്യുവിന്റെ അയോഗ്യത….
മാതൃഭൂമിയുടെ നിലപാട്..
 
കേരളം കരഞ്ഞു തീര്‍ന്നിട്ടില്ല… അവന്റെ പാട്ടുകേള്‍ക്കുമ്പോള്‍..അവന്റെ സ്വപ്നങ്ങളെക്കുറിച്ചു സുഹൃത്തുക്കള്‍ വാചാലരാകുമ്പോള്‍, വിതുമ്പാത്ത മനുഷ്യരില്ല…അവനെ കൊന്ന രീതി,തീവ്രവാദികളുടെ ആസൂത്രിതമായ നീക്കങ്ങളും നെഞ്ചിടിപ്പോടെ കേരളം കേള്‍ക്കുന്നു.പോപ്പുലര്‍ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയെ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മലയാള മാധ്യമങ്ങള്‍ മത്സരിക്കുന്നു.അപ്പോഴും മാതൃഭൂമിയുടെ രാത്രി ചര്‍ച്ചയില്‍ അഭിമന്യുവിന് അയിത്തം…
 
കരള്‍ പിളര്‍ക്കുന്ന അമ്മയുടെ നിലവിളി ഇത് വായിക്കുന്ന ഒരാളുടെയും മനസ്സില്‍ നിന്നും ഇപ്പോഴും മാഞ്ഞുപോയിക്കാണുമെന്നു തോന്നുന്നില്ല..ആ നിലവിളിയും നിഷ്‌കളങ്കമായ അവന്റെ ചിരിയും അല്ലയോ മാതൃഭൂമിയിലെ രാത്രി അവതാരകാരേ…നിങ്ങളുടെ ഹൃദയത്തില്‍ ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ പ്രാപ്തമായിട്ടില്ലെങ്കില്‍ അടിയന്തിരമായി നിങ്ങള്‍ മൂവരും ഹൃദയ പരിശോധനക്ക് വിധേയമാകണം.സാരമായ എന്തോ തകരാറുണ്ടെന്നുറപ്പ്.ഇല്ലെങ്കില്‍ ഈ ക്രൂരതയെ ഉളുപ്പില്ലാതെ ന്യായീകരിക്കുകയും സാമാന്യവല്‍ക്കരിക്കുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളുടെ മനോരോഗം നിങ്ങളെയും ബാധിച്ചിരിക്കാം….
 
വട്ടവടയിലെ മലയിറങ്ങി ശാസ്ത്രജ്ഞനാകാന്‍,വിശപ്പുമാറ്റാന്‍ വന്ന കൗമാരക്കാരന്‍.ഒരു തെറ്റും ചെയ്യാത്തവന്‍,ഓരോ അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു..ഏറ്റവും സമര്‍ഥനായ വിദ്യാര്‍ഥി.ആ ഒറ്റമുറി വീടിന്റെ സ്വപ്നങ്ങളെയാണ് ഒറ്റക്കുത്തിനു മത തീവ്രവാദികള്‍ തകര്‍ത്തു കളഞ്ഞത്.
 
ഇത് ഒരു അഭിമന്യുവിന്റെ ജീവനപഹരിക്കപ്പെട്ടത് മാത്രമല്ല, സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ മാത്രം പദ്ധതിയുള്ള ഒരു തീവ്രവാദ സംഘടനയെ തുറന്നു കാട്ടാന്‍ ലഭിച്ച അവസരം കൂടിയാണ്. നിഗൂഢമായ പോപ്പുലര്‍ ഫ്രണ്ടിന്റെ നാള്‍ വഴികളിലേക്ക് വാര്‍ത്തകള്‍ സഞ്ചരിക്കണം. ഇത് വര്‍ത്തമാനകാലത്തിന്റെ മാധ്യമ ധര്‍മ്മമാണ്. മലയാളത്തിലെ മറ്റു ദൃശ്യ മാധ്യമങ്ങള്‍ ഈ കടമ നിര്‍വഹിക്കുന്നത് നാം കാണുന്നു. അഭിമന്യുവിന്റെ വേര്‍പാട് ഏറ്റവും ഹൃദയസ്പൃക്കായി എഴുതിയ പത്രങ്ങളില്‍ മാതൃഭൂമിയും ഉള്‍പ്പെടുന്നു. സ്വന്തം പത്രം പോലും മാതൃഭൂമി ചാനലിലെ ‘വിധികര്‍ത്താക്കളെ’സ്വാധീനിക്കുന്നില്ല എന്നാണോ?
 
അഭിമന്യു കൊല്ലപ്പെട്ട ദിവസം വൈകുന്നേരത്തെ ഏഴര മണിക്കുള്ള അര മണിക്കൂര്‍ ചര്‍ച്ചയില്‍, മാപ്പര്‍ഹിക്കാത്ത ഈ ക്രൂരമായ കൊലപാതകത്തെ മാതൃഭൂമിയിലെ എഡിറ്റോറിയല്‍ ബുദ്ധിജീവികള്‍ ഒതുക്കി! അഭിമന്യുവിന്റെ അയോഗ്യതയേതാണ്? അഭിമന്യൂ പിടിച്ച കൊടിയോ?, അഭിമന്യൂ വന്ന വീടോ?, മാതൃഭൂമി വ്യക്തമാക്കണം. അതോ മത തിവ്രവാദത്തോടുള്ള ആരാധനയോ?
 
അഭിമന്യു പിടഞ്ഞു വീണ നേരം മുതല്‍ ഇതുവരെയും എല്ലാ മാധ്യമങ്ങളും അഭിമന്യുവിനൊപ്പം നിലയുറപ്പിച്ചു. തീവ്രവാദ സംഘടനയ്ക്കെതിരെ നിലപാട് പ്രഖ്യാപിച്ചു. പത്രങ്ങളില്‍ എഡിറ്റോറിയല്‍ എന്നതുപോലെ, ദൃശ്യ മാധ്യമത്തിന്റെ നിലപാട് അവരുടെ രാത്രി ചര്‍ച്ചയാണ്. എല്ലാവരും ആദ്യ ദിവസം മുതല്‍,ഏഷ്യനെറ് ഒരു നാള്‍ വൈകിയെങ്കിലും ചര്‍ച്ചക്കെടുത്തു.. മാതൃഭൂമി ഇപ്പോഴും ഇക്കാര്യത്തില്‍ അര്‍ത്ഥഗര്‍ഭമായ മൗനം തുടരുന്നു.. നിലപാട് പ്രഖ്യാപിക്കാന്‍ മടിയെന്തേ?.
 
പിണറായിക്കു പത്തു പറയാന്‍ ഇതില്‍ അവസരമില്ലാത്തതുകൊണ്ടാണോ?എസ്എഫ്‌ഐക്കു ഇരയുടെ ആനുകൂല്യം കിട്ടും എന്നതുകൊണ്ടാണോ? നിങ്ങള്‍ നിലപാട് പറയാതെ ”അരമനകളില്‍ അഭയം”പ്രാപിച്ചാല്‍ നിലയ്ക്കുന്നതല്ല അഭിമന്യുമാര്‍ നടത്തുന്ന പോരാട്ടം. നിങ്ങള്‍ ഇനിയും ശബ്ദിക്കണ്ട. നിങ്ങളുടെ അശ്ലീലമായ അലര്‍ച്ച അഭിമന്യുമാര്‍ക്കു വേണ്ട തന്നെ, പക്ഷെ ഒരു രാജ്യത്തെ ശിഥിലമാക്കാന്‍ ആയുധമേന്തുന്നവരോടുള്ള നിങ്ങളുടെ ഐക്യദാര്‍ഢ്യം മലയാള മാധ്യമ ചരിത്രത്തിലെ മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമായി രേഖപ്പെടുത്തപ്പെടും. വിഷം തീണ്ടിയ മസ്തിഷ്‌കവും,ചോര മണക്കുന്ന ആയുധങ്ങളുമായി പതിയിരിക്കുന്ന മത തീവ്രവാതത്തെക്കാള്‍ ആപത്ക്കരമാണ് നിങ്ങളുടെ നിലപാടുകള്‍…നിങ്ങളുടെ മൗനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനധികൃത ബ്യൂട്ടിസ്പാ നിർമ്മാണം: പ്രിയങ്ക ചോപ്രക്ക് ബി എം സി നോട്ടീസ് നൽകി