വേശ്യാലയം സന്ദര്‍ശിക്കുന്നയാള്‍ ഉപഭോക്താവല്ല, ലൈംഗികത്തൊഴിലാളി ഉല്‍പ്പന്നവുമല്ല: ഹൈക്കോടതി
ഇമ്മോറല്‍ സെന്ററുകള്‍ സന്ദര്‍ശിച്ച് ലൈംഗിക ബന്ധത്തിന് പണം നല്‍കുന്ന വ്യക്തിക്കെതിരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കല്‍ കുറ്റം തുടരുമെന്ന് കേരള ഹൈക്കോടതി.
കൊച്ചി: ഇമ്മോറല്‍ സെന്ററുകള്‍ സന്ദര്‍ശിച്ച് ലൈംഗിക ബന്ധത്തിന് പണം നല്‍കുന്ന വ്യക്തിക്കെതിരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കല്‍ കുറ്റം തുടരുമെന്ന് കേരള ഹൈക്കോടതി. ഒരു ഇമ്മോറല്‍ സെന്റര്‍ സന്ദര്‍ശിച്ച് ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്ന ഒരാളെ ഉപഭോക്താവായി കണക്കാക്കാന്‍ കഴിയില്ലെന്നും അങ്ങനെ കാണണമെങ്കില്‍ അയാള്‍ എന്തെങ്കിലും സാധനങ്ങളോ സേവനങ്ങളോ വാങ്ങണമെന്നും കോടതി വ്യക്തമാക്കി.
2021-ല്‍ തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത സദാചാര കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഒരു ലൈംഗികത്തൊഴിലാളി ഒരു ഉല്‍പ്പന്നമല്ല. അവര്‍ പലപ്പോഴും മനുഷ്യക്കടത്തിന്റെ ഇരകളാണ്, മറ്റുള്ളവരുടെ ലൈംഗിക സുഖത്തിനായി അവരുടെ ശരീരം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നവരാണ്.
പണം നല്‍കി വേശ്യാലയം സന്ദര്‍ശിക്കുന്നന്നയാള്‍ നല്‍കുന്ന പണത്തിന്റെ ഭൂരിഭാഗവും വേശ്യാലയത്തിന്റെ സൂക്ഷിപ്പുകാരനാണ് കൈവശപ്പെടുത്തുന്നത്. അതിനാല്‍, അസഭ്യ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന നിയമത്തിലെ സെക്ഷന്‍ 5(1) ഡി പ്രകാരമുള്ള പ്രേരണാ കുറ്റം ഒരു അധാര്‍മിക കേന്ദ്രം സന്ദര്‍ശിച്ച് ലൈംഗികതയ്ക്ക് പണം നല്‍കുന്ന വ്യക്തിയില്‍ തുടരുമെന്ന് കോടതി വ്യക്തമാക്കി.