Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷ്യം കോണ്‍ഗ്രസ് വോട്ട് ബാങ്ക്; കരുതലോടെ ആം ആദ്മി, ആവര്‍ത്തിക്കുമോ പഞ്ചാബ്?

AAP focusing on Kerala AAP-Twenty 20 Alliance
, തിങ്കള്‍, 16 മെയ് 2022 (12:32 IST)
കേരളം പിടിക്കാന്‍ ആം ആദ്മി ഒരിക്കല്‍ തീവ്രശ്രമം നടത്തി നോക്കിയതാണ്. എന്നാല്‍, അന്ന് പരിശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാറ ജോസഫ് അടക്കമുള്ള പ്രമുഖരെ കളത്തിലിറക്കിയാണ് ആം ആദ്മി പരീക്ഷണം നടത്തിയത്. ആ തിരഞ്ഞെടുപ്പില്‍ കേരളം ആം ആദ്മിയെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞില്ല. ഏതാണ്ട് രണ്ടര ലക്ഷത്തിലേറെ വോട്ടുകള്‍ അന്ന് ആം ആദ്മിക്ക് ലഭിച്ചു. 
 
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 2,56,662 വോട്ടുകളാണ് ആം ആദ്മി കേരളത്തില്‍ നിന്ന് നേടിയത്. എറണാകുളത്തെ ആം ആദ്മി സ്ഥാനാര്‍ഥി അനിതാ പ്രതാപ് 50,000 ത്തിനു മുകളില്‍ വോട്ട് പിടിച്ചു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 45,000 ത്തിനടുത്ത് വോട്ടുകളാണ് സാറ ജോസഫ് സ്വന്തമാക്കിയത്. എന്നാല്‍ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 മണ്ഡലങ്ങളിലും മത്സരിച്ച ആം ആദ്മി 2019 ല്‍ ഒരു സീറ്റില്‍ പോലും മത്സരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. 
 
വലിയൊരു ഇടവേളയ്ക്ക് ശേഷം ആം ആദ്മി വീണ്ടും കേരളത്തില്‍ വേരുറപ്പിക്കാന്‍ നോക്കുകയാണ്. ഇത്തവണ കൂടുതല്‍ ശ്രദ്ധയോടെയാണ് നീക്കങ്ങള്‍. എറണാകുളം പോലൊരു വലിയ ജില്ലയില്‍ സ്വാധീന ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ട്വന്റി 20 യുമായി സഖ്യം ചേര്‍ന്നതാണ് ആദ്യ നീക്കം. തനിക്ക് നില്‍ക്കുന്നതിനേക്കാള്‍ സമാന നിലപാടുള്ള ഗ്രൂപ്പുമായി ചേര്‍ന്നുനിന്നാല്‍ മാത്രമേ കേരളത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ എന്ന് ആം ആദ്മി മനസ്സിലാക്കി. 
 
കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും എത്രത്തോളം ശക്തരാണെന്നും അതിനു ബദലായി ഒരു മുന്നണിയോ പാര്‍ട്ടിയോ വരണമെങ്കില്‍ എത്രത്തോളം പണിയെടുക്കേണ്ടതുണ്ടെന്നും ആം ആദ്മി ഹോം വര്‍ക്ക് ചെയ്തു. ഡല്‍ഹി മോഡല്‍ ഉയര്‍ത്തി കാണിച്ച് പഞ്ചാബ് പിടിച്ചതിനു പിന്നാലെ കേരളത്തിലേക്ക് ഉറ്റുനോക്കുകയായിരുന്നു ആം ആദ്മി. കേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ വേണ്ടി പാര്‍ട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് എറണാകുളത്ത് തുറന്നു. ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബില്‍ വിജയക്കൊടി പാറിച്ചത് കേരളത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കിയാവണം ആം ആദ്മി തങ്ങളുടെ പ്രവര്‍ത്തന മണ്ഡലമായി കേരളം തന്നെ തിരഞ്ഞെടുത്തത്. 
 
ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ദേശീയ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ റെയില്‍ സമരത്തില്‍ ആം ആദ്മി നേതാക്കളുടെ പങ്ക് വളരെ വലുതാണ്. പല സമരങ്ങള്‍ക്കും മുന്‍പില്‍ നിന്ന് നേതൃത്വം നല്‍കുന്നത് ആം ആദ്മി നേതാക്കളാണ്. അതിനൊപ്പം ട്വന്റി 20 യുടെ പിന്തുണ കൂടി ആകുമ്പോള്‍ കേരളത്തില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് ആം ആദ്മി വിലയിരുത്തല്‍. 
 
പഞ്ചാബ് പിടിക്കാന്‍ പ്രയോഗിച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയുള്ള പ്രചരണം തന്നെയാണ് ആം ആദ്മി കേരളത്തിലും നടത്തുന്നത്. സൗജന്യ വിദ്യാഭ്യാസം, സൗജന്യ ഭക്ഷണം, സൗജന്യ പാര്‍പ്പിടം തുടങ്ങിയ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്ക് മുന്നില്‍ ജനം വീഴുമെന്ന് ആം ആദ്മിക്ക് അറിയാം. ഡല്‍ഹിയിലും പഞ്ചാബിലും അവര്‍ ചെയ്തതും അത് തന്നെയാണ്. വലിയ രാഷ്ട്രീയം പറയാതെ ജനക്ഷേമത്തെ കുറിച്ച് മാത്രം സംസാരിക്കുകയാണ് ആം ആദ്മി നേതാക്കള്‍. ഇത് ജനങ്ങള്‍ക്കിടയില്‍ ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല. 
 
വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ ആം ആദ്മി ലക്ഷ്യമിടുന്നത് കോണ്‍ഗ്രസ് വോട്ട് ബാങ്കാണ്. കോണ്‍ഗ്രസ് തകര്‍ന്നെന്ന് കരുതുന്ന വലിയൊരു വിഭാഗം ആളുകള്‍ കേരളത്തിലുണ്ട്. അത്തരം വോട്ടുകളെ തങ്ങളിലേക്ക് ഏകോപിപ്പിക്കാനുള്ള കഴിവ് ആം ആദ്മിക്കുണ്ട്. അവിടെയും പഞ്ചാബ് മോഡല്‍ തന്നെയാണ് ആം ആദ്മിയുടെ മുന്നില്‍. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ പഞ്ചാബില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ ഞെട്ടിക്കുന്ന തരത്തിലാണ് ആം ആദ്മി കളം നിറഞ്ഞത്. പഞ്ചാബ് പിടിക്കാന്‍ ഒഴുക്കിയ വിയര്‍പ്പൊന്നും കേരളത്തില്‍ കോണ്‍ഗ്രസ് വോട്ട് ബാങ്കിലേക്ക് ഇടിച്ചുകയറാന്‍ ഒഴുക്കേണ്ടിവരില്ലെന്നാണ് ആം ആദ്മിയുടെ പ്രതീക്ഷ. ആ പ്രതീക്ഷയിലാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങളെല്ലാം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചുതെങ്ങില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു