അഭിമന്യുവിന്റെ കൊലപാതകം; പാർട്ടിക്ക് പങ്കില്ല, അറസ്റ്റിലായവർ പാർട്ടി പ്രവർത്തകർ അല്ലെന്ന് എസ് ഡി പി ഐ
അഭിമന്യു വധത്തിൽ പങ്കില്ലെന്ന് എസ് ഡി പി ഐ
Publish Date: Fri, 13 Jul 2018 (07:54 IST)
Updated Date: Fri, 13 Jul 2018 (07:55 IST)
മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നവർ പാർട്ടി പ്രവർത്തകർ അല്ലെന്ന് എസ് ഡി പി ഐയുടെ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി, ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എന്നിവർ പറഞ്ഞു.
അറസ്റ്റിലായവർ എസ്ഡിപിഐ അംഗങ്ങളല്ല, അനുഭാവികളാകാമെന്നും ഇവർ പറയുന്നു. അതേസമയം, അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്ത വെണ്ണല സ്വദേശി അനൂപ്, പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിന്റെ ഉടമ നിസാർ കരുവേലിപ്പടി എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ മുഹമ്മദിന്റെ അയൽവാസികളാണ് ഇവർ. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തിയതിനെത്തുടർന്ന് സിഡികൾ, ലാപ്ടോപ്പുകൾ, ലഘുലേഖകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പ്രകോപനപരമായ ഉള്ളടക്കമുണ്ടെന്നു പൊലീസ് അറിയിച്ചു.
ഷാജഹാന്‍, ഷിറാസ് സലിം എന്നീ രണ്ടു പ്രതികള്‍ ആലപ്പുഴയില്‍ അറസ്റ്റിലായിരുന്നു. കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നതിന്റെയും കായിക പരിശീലനത്തിന്റെയും പ്രധാന ചുമതലക്കാരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. കൊലപാതക സംഘത്തിൽ 25 പേരുണ്ടായിരുന്നതായാണു വിവരമെന്നും കൂടുതൽ പേർ ഉണ്ടാകാനിടയുണ്ടെന്നും പൊലീസ് അറിയിച്ചു.