അഭിമന്യുവിന്റെ കൊലപാതകം; ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
അഭിമന്യുവിന്റെ കൊലപാതകം; ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
മഹാരാജാസ‌് കോളേജിലെ എസ‌്‌എഫ‌്‌ഐ നേതാവ‌് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ക്യാംപസ് ഫ്രണ്ട‌്, എസ‌്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട‌് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരെയാണ‌് ആദ്യഘട്ടത്തില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ‌്റ്റ‌് ക്ലാസ‌് രണ്ടാം കോടതിയില്‍ കുറ്റപത്രം നല്‍കുന്നത‌്.
ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെയും പ്രതികളെ സഹായിച്ചവരെയും ചേര്‍ത്തു രണ്ടാം കുറ്റപത്രം പിന്നീടു നല്‍കാനാണു പൊലീസിന്‍റെ നീക്കം. ഒന്നാം പ്രതി ജെ ഐ മുഹമ്മദ് രണ്ടാംപ്രതി ആരിഫ് ബിന്‍ സലീം എന്നിവര്‍ ഉള്‍പ്പെടെ 16 പേരാണ് ആദ്യ കുറ്റപത്രത്തിൽ പ്രതികളായുള്ളവർ. കൊലപാതകം, കൊലപാതക ശ്രമം, ഗൂഡാലോചന, സംഘംചേരൽ, ആയുധം കൈവശം വെക്കൽ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, ഏഴ് പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ഇവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവര്‍ പിടിയിലാകുന്നതോടെ ഇവരെ കൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.