Publish Date: Sun, 12 Feb 2023 (17:13 IST)
Updated Date: Sun, 12 Feb 2023 (17:14 IST)
തൃശൂർ: കടയുടെ ഗ്ളാസ് ഡോറിൽ തലയിടിച്ചു വീണ വയോധികൻ മരിച്ചു. ചാവക്കാട് മണത്തല സ്വദേശി ഉസ്മാൻ ഹാജി എന്ന 84 കാരനാണ് മരിച്ചത്. ചാവക്കാട്ടെ മണത്തലയിലുള്ള ഡ്രൈ ഫ്രൂട്സ് കടയുടെ ഗ്ളാസ് ഡോർ പെട്ടെന്ന് തിരിച്ചറിയാതെ വേഗത്തിൽ കടയിലേക്ക് കയറിയപ്പോഴാണ് ഇതുണ്ടായത്.
തലയിടിച്ച ഉടനെ ഇദ്ദേഹം മലർന്നടിച്ചു വീഴുകയായിരുന്നു. തലയുടെ പിറകിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ ഉടൻ ചാവക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.