Publish Date: Sun, 18 Sep 2022 (18:17 IST)
Updated Date: Sun, 18 Sep 2022 (18:20 IST)
ഇടുക്കി: ഇടുക്കിയിലെ മലങ്കര ജലാശയത്തിൽ ബന്ധുക്കളായ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി ജാസ്മിൻ മൻസിലിൽ റെജിമോൻ മകൻ ഫിർദൗസ് (20), ചങ്ങനാശേരി വണ്ടിപ്പേട്ട അറയ്ക്കൽ ഷാബു - ജാസ്മിൻ ദമ്പതികളുടെ മകൻ അമൽ ബാബു (23) എന്നിവരാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ജലാശയം കാണാൻ പോയി മുങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ കാഞ്ഞാർ പാലത്തിനടുത്തായിരുന്നു അപകടമുണ്ടായത്. കാഞ്ഞാറിലെ കുന്നുംപുറത്തു സലീമിന്റെ മകൾ ആഷ്മിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഇവർ ജലാശയത്തിൽ കാൽ കഴുകുന്നതിനിടെ ഫിർദൗസ് വെള്ളത്തിൽ വീണു. ഫിർദൗസെനെ രക്ഷിക്കാനായി അമൽ വെള്ളത്തിൽ ചാടി.
എന്നാൽ ഇരുവരും ചുഴിയിൽ പെട്ട്. ഇവർ മുങ്ങിത്താഴുന്നത് കാഞ്ഞാർ പാലത്തിൽ നിന്ന് നാട്ടുകാർ കണ്ടതിനെ തുടർന്ന് ഓടിയെത്തി. ഇവർക്കൊപ്പം ഉണ്ടായിരുന്ന അലൻ ജോഷി ബഹളം വച്ച് ആൾക്കാരെക്കൂട്ടുകയും ചെയ്തു. നാട്ടുകാർ ഇവരെ കരയ്‌ക്കെത്തിച്ചു. ഇതിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും എത്തി. ഇവരെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.