Mary Roy: സ്ത്രീകളുടെ അവകാശപ്പോരാട്ടത്തിൽ മായാത്ത ഏട്: മേരി റോയ് അന്തരിച്ചു
വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പ്രമുഖ എഴുത്തുകാരിയായ അരുന്ധതി റോയ് മകളാണ്.
സ്ത്രീകളുടെ അവകാശത്തിനായുള്ള നിയമപോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പ്രമുഖ എഴുത്തുകാരിയായ അരുന്ധതി റോയ് മകളാണ്.
1984ൽ കേരളത്തിൽ ക്രിസ്ത്യൻ സ്ത്രീകൾക്ക് പിൻതുടർച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് കൊണ്ട് ഒറ്റയ്ക്കാണ് മേരി റോയ് നിയമയുദ്ധം ആരംഭിച്ചത്.സ്ത്രീകളുടെ അവകാശങ്ങളുടെ ചരിത്രത്തിലെ സുപ്രീം കോടതിയുടെ ചരിത്രവിധി വരുന്നത് ഈ കേസിലാണ്. വിൽപത്രം എഴുതിവെയ്ക്കാതെ മരിക്കുന്ന പിതാവിൻ്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമെന്നായിരുന്നു ആ ചരിത്രവിധി. 2002ൽ മേരി റോയിയുടെ 70ആം വയസിലാണ് പൈതൃക സ്വത്തിന്‍റെ ആറിലൊന്ന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി വന്നത്. എന്നാൽ ഈ സ്വത്ത് മക്കൾ വേണ്ടെന്ന് പറഞ്ഞതോടെ സ്വത്ത് തിരികെ സഹോദരന് നൽകി.
1933ൽ കോട്ടയം ജില്ലയിലെ അയ്മനത്തായിരുന്നു മേരി റോയുടെ ജനനം. കൽക്കത്തയിൽ ജോലി ചെയ്യവെ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയുമായി വിവാഹം. 1916ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തെ ചോദ്യം ചെയ്ത് മേരി റോയ് കീഴ്കോടതി മുതൽ നിയമപോരാട്ടം തുടങ്ങുന്നത് 1960കളുടെ പാതിയോടെയാണ്. 1984ൽ സുപ്രീം കോടതിക്ക് മുന്നിലെത്തിയ കേസിൽ 1986ൽ സുപ്രീം കോടതി വിധി പറഞ്ഞു. . വിൽപത്രം എഴുതിവെയ്ക്കാതെ മരിക്കുന്ന പിതാവിൻ്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമെന്ന വിധി ക്രിസ്ത്യൻ പുരുഷ സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചു.
പിൻകാലത്ത് അവകാശമായി കിട്ടിയ സ്വത്ത് മേരി റോയ് സഹോദരന് തന്നെ തിരികെ നൽകി. സഹോദരനെതിരെയായിരുന്നുല്ല നിയമപോരാട്ടമെന്നും നീതിയാണ് താൻ തേടിയതെന്നും മക്കൾ തുല്യരാണ് അവിടെ പെൺകുട്ടികൾ രണ്ടാം തരക്കാരാണ് എന്ന ചിന്ത മാറണമെന്നുമാണ് മേരി റോയ് ഇതിന് കാരണമായി പറഞ്ഞത്.