ഭീഷണിപ്പെടുത്തിയ യുവതിക്കെതിരെ തെളിവുകളുമായി ഉണ്ണി മുകുന്ദൻ - കേസില്‍ കഴമ്പുണ്ടെന്ന് പൊലീസ്
ഭീഷണിപ്പെടുത്തിയ യുവതിക്കെതിരെ തെളിവുകളുമായി ഉണ്ണി മുകുന്ദൻ - കേസില്‍ കഴമ്പുണ്ടെന്ന് പൊലീസ്
യുവതിയും സുഹൃത്തും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയിലെ തെളിവുകള്‍ പൊലീസിന് കൈമാറുമെന്ന് നടൻ ഉണ്ണി മുകുന്ദൻ. കൈവശമുള്ള മുഴുവൻ തെളിവുകളും ഹാജരാക്കാമെന്നു അദ്ദേഹം ചേരാനെല്ലൂർ പൊലീസിനെ അറിയിച്ചു.
യുവതിയും സുഹൃത്തും ഫോണിലൂടെയാണ് ഉണ്ണി മുകുന്ദനെ ഭീഷണിപ്പെടുത്തിയത്. ഇതിനാല്‍ ഫോണ്‍ രേഖകള്‍ അദ്ദേഹം പൊലീസിന് കൈമാറും. അതേസമയം, താരത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ യുവതിയേയും സുഹൃത്തിനെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ചേരാനെല്ലൂർ എസ്ഐ സുനുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉണ്ണി ഒറ്റപ്പാലം പൊലീസില്‍ പരാതി നൽകിയിരുന്നുവെങ്കിലും സംഭവം നടന്നത് ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിലായിരുന്നതിനാൽ ഒറ്റപ്പാലം പൊലീസ് കേസ് കൈമാറുകയായിരുന്നു.
കുന്നുംപുറത്തെ ഫ്ലാറ്റിൽ വാകയ്ക്കു താമസിക്കുമ്പോള്‍ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീയും സുഹൃത്തും കഥപറയാൻ എന്ന പേരിൽ തന്നെ സമീപിച്ചുവെന്നും എന്നാല്‍ തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ ആ സിനിമ നിരസിച്ചെന്നും അതിനുള്ള പകയാണ് യുവതിക്ക് തന്നോടുള്ളതെന്നും പരാതിയില്‍ ഉണ്ണി പറയുന്നു.
പിന്നീടും യുവതി തന്നെ ഫോണില്‍ വിളിച്ചെന്നും അവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. അതിനു തയ്യാറായില്ലെങ്കില്‍ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും ഉണ്ണി വ്യക്തമാക്കുന്നു.
അതിനുശേഷം പെണ്‍കുട്ടിയുടെ അഭിഭാഷകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ തന്നെ വിളിച്ചെന്നും ആ യുവതിയെ വിവാഹം ചെയ്യണമെന്നും അതിനു തയ്യാറല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുണമെന്നും അയാള്‍ ഭീഷണിമുഴക്കിയെന്നും ഉണ്ണി മുകുന്ദന് പരാതിയില്‍ വ്യക്തമാക്കുന്നു.