നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപും പള്‍സര്‍ സുനിയും കോടതിയില്‍, രഹസ്യവിചാരണ വേണമെന്ന് നടി
വനിത ജഡ്ജി വേണം, പ്രത്യേക കോടതിയും; അവശ്യങ്ങളുമായി നടി
Publish Date: Wed, 14 Mar 2018 (11:41 IST)
Updated Date: Wed, 14 Mar 2018 (11:44 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഇന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. വിചാരണ നടപടികളില്‍ പങ്കെടുക്കുന്നതിനു വേണ്ടി നടന്‍ ദിലീപും മുഖ്യപ്രതിയും പള്‍സര്‍ സുനിയുമെത്തി.
കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും കോടതിയിലെത്തിയത്. അതേസമയം നടിയുടെ അഭിഭാഷകന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
കേസില്‍ രഹസ്യ വിചാരണ വേണമെന്നാണ് നടിയുടെ ആവശ്യം. വിചാരണയ്ക്ക് വേണ്ടി പ്രത്യേക കോടതി വേണം, കേസില്‍ രഹസ്യ വിചാരണ അനുവദിക്കുക, വനിതാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിചാരണ നടത്തുക തുടങ്ങിയവയാണ് നടിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.
ഇന്ന് കോടതി കേസിലെ വിചാരണ തീയതി നിശ്ചയിക്കാനാണ് സാധ്യത. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. 2017 ഫെബ്രുവരി 17നാണു തൃശൂരിൽ നിന്നു കൊച്ചിയിലേക്കു പോകുമ്പോൾ നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്.