സുനിയ്ക്ക് ഒളിത്താവളമൊരുക്കിയ കൂട്ടാളി ഇപ്പോഴും കാണാമറയത്ത്; വീട്ടിൽനിന്ന് മൊബൈലും ടാബും കണ്ടെത്തി
പൾസർ സുനിയേക്കാൾ വലിയ വിരുതനോ ചാർലി?
കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനിക്കും കൂട്ടാളി വിജേഷിനും ഒളിത്താവളമൊരുക്കിയ സുഹൃത്ത് ഒളിവിൽ. കണ്ണൂർ സ്വദേശി ചാർലിയാണ് തെളിവെടുപ്പിനായി പൊലീസ് എത്തുന്നതറിഞ്ഞത് ഒളിവിൽ പോയത്. കോയമ്പത്തൂർ പീളമേടിലെ ശ്രീറാം നഗറിൽ ചാർലിയുടെ വാടകവീട്ടിലാണ് സുനിയും വിജേഷും ഒളിവിൽ കഴിഞ്ഞിരുന്നത്.
സുനിൽ കോടതിയിൽ എത്തിയ ബൈക്കിന്റെ ഉടമസ്ഥനെ പൊലീസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. കോയമ്പത്തൂര്‍ പീളമേട് സ്വദേശി സെല്‍വനാണ് ബൈക്കുടമ. ബൈക്ക് ചാർലിയോടൊപ്പം താമസിക്കുന്ന ഡിണ്ടിഗൽ സ്വദേശി സെൽവനാണ് ബൈക്കിന്റെ ഉടമസ്ഥൻ. തന്റെ ബൈക്ക് മോഷണം പോയിരുന്നതായി സെൽവൻ പൊലീസിനോടു പറഞ്ഞു.
നടിയെ ഉപദ്രവിക്കുന്ന രംഗം പകര്‍ത്തിയ മൊബൈല്‍ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, ശനിയാഴ്ച്ച സുനിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിൽ രണ്ട് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പൊലീസ് കണ്ടെത്തിയിരുന്നു. കേസിനെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ ഈ മെമ്മറികാർഡിൽ നിന്നും ലഭിക്കാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
ഫോണിനെക്കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് സുനി നല്‍കുന്നത്. ഒളിവിലായിരുന്ന സമയത്ത് സുനി ആറ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച നമ്പറിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു. അതേസമയം, ഏറ്റവും കൂടുതൽ തവണ കോളുകൾ പോയിരിക്കുന്നത് ഒരു സിനിമാതാരത്തിന്റെ നമ്പറിലേക്കാണെന്നും സോഷ്യൽ മീഡിയകളിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ആ നമ്പർ ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.