നടിയെ ആക്രമിച്ച കേസ്: പ്രധാന പ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍, ഇനി പിടികൂടാനുളളത് പള്‍സര്‍ സുനിയടക്കം രണ്ടുപേര്‍
നടിയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍
മലയാളിയായ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടു പോയ കേസിലെ പ്രധാന പ്രതികളിലൊരാള്‍ കൂടി പൊലീസ് പിടിയില്‍. പൾസർ സുനിക്കൊപ്പമുണ്ടായിരുന്ന മണികണ്ഠൻ എന്നയാളാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാലക്കാട് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് വിജീഷ്, പൾസർ സുനി എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
നടി ആക്രമിക്കപ്പെടുമ്പോള്‍ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തങ്ങൾ നിരപരാധികളാണെന്ന കസ്റ്റഡിയിലുള്ള പ്രതികൾ മൊഴിനൽകിയിരുന്നു. സലീം, പ്രദീപ് എന്നിവരുടെ മൊഴിയിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്.
പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠൻ എന്നിവരാണ് നടിയെ ആക്രമിച്ചതെന്നും സംഭവസമയത്ത് തങ്ങൾ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നും ഇവർ നല്‍കിയ മൊഴിയില്‍ പറയുന്നു. കളമശേരിയിൽനിന്ന് കാറിൽ കയറി പാലാരിവട്ടത്ത് തങ്ങള്‍ ഇറങ്ങിയെന്നും കേസിൽ തങ്ങളെ കുടുക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ആലുവ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.