നടിയെ ആക്രമിച്ച കേസ്: ആദ്യം ഒന്നുകൂടിയത് തമ്മനത്ത്, പിന്നെ പലവഴിക്ക് പിരിഞ്ഞു; ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലാക്കിയത് ആലപ്പുഴ കടപ്പുറത്ത് വച്ച് !
നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങള്‍ മെമ്മറികാര്‍ഡിലേക്ക് മാറ്റിയത് ആലപ്പുഴ ബീച്ചില്‍ വച്ച്
കൊച്ചിയില്‍ നടിയ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവനടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയുടെ മൊബൈലില്‍ നിന്നും മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയത് ആലപ്പുഴയ്ക്കടുത്തുള്ള കടപ്പുറത്തുവച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പള്‍സര്‍ സുനിയും മറ്റു രണ്ടുപേരും ചേര്‍ന്നായിരുന്നു ഈ ആക്രമണദൃശ്യങ്ങള്‍ മെമ്മറികാര്‍ഡിലേക്ക് പകര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്നാണ് സൂചന.
സംഭവം നടന്ന ദിവസം തന്നെ കേസിലെ ഒന്നാം പ്രതിയായ സുനിയും മറ്റു നാലു പ്രതികളും എറണാകുളം തമ്മനത്ത് വന്ന ശേഷം പല സ്ഥലങ്ങളിലേക്കായി പോയി. പിന്നീട് ആലപ്പുഴയിലുള്ള ഈ കേസിലെ ഒരു സാക്ഷിയുടെ വീട്ടില്‍ വച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഇവര്‍ പുറത്തെടുത്തത്. സാക്ഷിയുടെ വീട്ടില്‍വച്ചും അതിനുശേഷം വീടിന് സമീപത്തുള്ള കടപ്പുറത്തുവച്ചുമാണ് ദൃശ്യങ്ങള്‍ മെമ്മറികാര്‍ഡിലേക്ക് പകര്‍ത്തിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തൊട്ടടുത്ത ദിവസം തന്നെ പത്രങ്ങളിലും ടിവിയിലുമെല്ലാം നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ ഭയന്നാണ് പ്രതികള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടതെന്നും കുറ്റപത്രത്തിലുണ്ട്. ആലപ്പുഴയില്‍ നിന്നും ചെങ്ങന്നൂരിലേക്കായിരുന്നു പള്‍സര്‍ സുനിയും മറ്റു പ്രതികളും രക്ഷപ്പെട്ടത്. മുളക്കുഴ ആരക്കാട് മുറി പള്ളിപ്പടിക്കടുത്ത് വച്ച് സഞ്ചരിച്ച വാഹനം ഇവര്‍ ഉപേക്ഷിച്ചതായും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
തുടര്‍ന്ന് അവിടെ നിന്നും ഇവര്‍ മറ്റൊരു വാഹനം വാടകയ്ക്കെടുക്കുകയും അതിനു ശേഷമാണ് ഇവര്‍ യാത്ര തുടര്‍ന്നതെന്നും കുറ്റപത്രത്തിലുണ്ട്. കളമശേരിയിലെ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നു പുതിയ ഫോണ്‍ ഇതിനിടെ സുനി വാങ്ങി ഉപയോഗിക്കുകയും ചെയ്തു. അതിനു ശേഷമാണ് മറ്റു സാക്ഷികളുടെ വീട്ടിലെത്തിയ പള്‍സര്‍ സുനി ജാമ്യം എടുക്കുന്നതിനായുള്ള വക്കാലത്തില്‍ ഒപ്പിട്ടതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.