പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവം അതീവ ഗുരുതരം, എത്ര ഉന്നതനായാലും നടപടി; മുഖ്യമന്ത്രി - ഡ്രൈവറുടെ ഭാര്യ കൂടിക്കാഴ്‌ച നടത്തി
പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവം അതീവ ഗുരുതരം, എത്ര ഉന്നതനായാലും നടപടി; മുഖ്യമന്ത്രി - ഡ്രൈവറുടെ ഭാര്യ കൂടിക്കാഴ്‌ച നടത്തി
Publish Date: Fri, 15 Jun 2018 (17:54 IST)
Updated Date: Fri, 15 Jun 2018 (17:55 IST)
എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവം അതീവ ഗുരുതരമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര ഉന്നതനായാലും കര്‍ശന നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. കേരളത്തിന്റെ തനിമ മനസിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ തെക്കന്‍ മേഖല എഡിജിപി അനില്‍ കാന്തിനെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ചു വരുത്തി. പൊലീസുകാരന്റെ പരാതിയില്‍ അന്വേഷണത്തിന് ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്തി. ഡിവൈഎസ്പി പ്രതാപന്‍ നായര്‍ക്കാണ് അന്വേഷണചുമതല.
ഗവസ്കറുടെ പരാതിയിലും എഡിജിപിയുടെ മകൾ സ്നിഗ്ധയുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും പരാതികള്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക.
അതേസമയം, ഭർത്താവിനെതിരെ എഡിജിപിയുടെ മകൾ നൽകിയത് കള്ളപ്പരാതിയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഡ്രൈവർ ഗവാസ്കറുടെ ഭാര്യ രേഷ്മ മുഖ്യമന്ത്രി പിണറയി വിജയനെ കണ്ടു. സംഭവത്തിന്റെ യഥാസ്ഥിതി മുഖ്യമന്ത്രിയെ ബോധിപ്പിച്ചെന്നും കള്ളപ്പരാതി പിൻവലിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും രേഷ്മ പറഞ്ഞു.
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസമുണ്ട് രേഷ്മ വ്യക്തമാക്കി.
വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.
തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.