Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുക്കളയുടെ തറ പൊളിച്ചു, ഒരു മണിക്കൂറോളം മണ്ണ് നീക്കിയപ്പോള്‍ മൃതദേഹത്തിലെ തലമുടി, ഒരു കൈ മുകളിലേക്ക് ഉയര്‍ന്ന നിലയില്‍; സഹായിച്ചത് ആറാം ക്ലാസുകാരന്റെ സംശയം

Adimali Murder Case
, ശനി, 4 സെപ്‌റ്റംബര്‍ 2021 (14:55 IST)
അടിമാലി പണിക്കന്‍കുടിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സിന്ധുവിന്റെ മൃതദേഹം കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത് ആറാം ക്ലാസുകാരന്‍. കൊല്ലപ്പെട്ട സിന്ധുവിന്റെ മകന് തോന്നിയ ചില സംശയങ്ങളില്‍ നിന്നാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം തിരിച്ചറിയുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ബിനോയിയുടെ വീടിനുള്ളില്‍തന്നെ സിന്ധുവിന്റെ മൃതദേഹമുണ്ടാകുമെന്ന് ആറാം ക്ലാസുകാരന്‍ മകനും കൊല്ലപ്പെട്ട സ്ത്രീയുടെ മറ്റ് ബന്ധുക്കളും സംശയിച്ചിരുന്നു. 
 
സിന്ധുവിന്റെ ഇളയ മകന്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ബിനോയിയുടെ വീട്ടിലെ അടുക്കളയില്‍ നിര്‍മാണപ്രവൃത്തികള്‍ നടന്നിട്ടുണ്ടെന്ന് സിന്ധുവിന്റെ ഇളയമകന്‍ തുടക്കത്തിലേ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ സംശയം ആറാംക്ലാസുകാരന്‍ മറ്റ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, മരിച്ച സിന്ധുവിന്റെ മക്കളും സഹോദരനും സുഹൃത്തുക്കളും വെള്ളിയാഴ്ച രാവിലെ ബിനോയിയുടെ പണിക്കന്‍കുടിയിലെ വീട്ടിലെത്തി.
 
മണ്‍കട്ടകൊണ്ട് നിര്‍മിച്ചതാണ് ബിനോയിയുടെ വീട്. വലിയ അടച്ചുറപ്പില്ല. അടുക്കള വാതില്‍ തുണികൊണ്ട് കെട്ടിവെച്ചിരിക്കുകയായിരുന്നു. സിന്ധുവിന്റെ ഇളയമകന്‍ പറഞ്ഞത് പ്രകാരം അടുക്കളയുടെ തറ ഇവര്‍ പൊളിക്കുകയായിരുന്നു. കൈക്കോട്ട് ഉപയോഗിച്ച് മണ്ണ് നീക്കി. ഒരുമണിക്കൂറോളം മണ്ണ് നീക്കിയതോടെ മൃതദേഹത്തിലെ തലമുടി കണ്ടെത്തി. ഒരുകൈ മുകളിലേക്ക് ഉയര്‍ന്ന നിലയിലായിരുന്നു. ബന്ധുക്കളും നാട്ടുകാരും മൃതദേഹം സിന്ധുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിടുകയും അതിനു ശേഷം അടുക്കളുടെ തറ പുനര്‍നിര്‍മിക്കുകയും ചെയ്തതാകുമെന്നാണ് പൊലീസ് നിരീക്ഷണം. പിന്നീട് തറയില്‍ ചാരം വിതറി പഴയ തറയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമവും നടന്നിട്ടുണ്ട്. 
 
ഓഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇതിന് രണ്ടുദിവസം മുമ്പ് ബിനോയ് സിന്ധുവിന്റെ ഇളയമകനെ സഹോദരിയുടെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ഓഗസ്റ്റ് 13-ാം തീയതിയാണ് മകനെ തിരികെകൊണ്ടുവന്നത്. തിരികെവന്നയുടന്‍ അമ്മ എവിടെയെന്നാണ് മകന്‍ ചോദിച്ചത്. അമ്മ അവിടെ എവിടെയെങ്കിലും കാണുമെന്നായിരുന്നു ബിനോയിയുടെ മറുപടി. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ കുട്ടിയെ വഴക്കുപറയുകയും ചെയ്തു. തിരിച്ചെത്തിയപ്പോള്‍ അടുക്കളയുടെ രൂപം മാറിയത് കുട്ടി ശ്രദ്ധിച്ചിരുന്നു. ഇതേ കുറിച്ച് ബിനോയിയോട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബിനോയ് കുട്ടിയെ വഴക്ക് പറയുകയായിരുന്നു. 
 
തങ്കമണി സ്വദേശിനിയായ സിന്ധുവിന്റെ മൃതദേഹമാണ് പണിക്കന്‍കുടി സ്വദേശിയായ ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. യുവാവ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. 
 
25 ദിവസം മുന്‍പാണ് സിന്ധുവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മകളെ കാണാതായ വിവരം സിന്ധുവിന്റെ അമ്മ പൊലീസില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിനോയിയെയും കാണാതായത്. ബിനോയിക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് സിന്ധുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. 
 
ഭര്‍ത്താവുമായി പിണങ്ങി പണിക്കന്‍കുടിയിലെ വാടകവീട്ടിലായിരുന്നു സിന്ധു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ബിനോയിയുമായി അടുപ്പത്തിലാവുകയും ഇയാളോടൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. അടുത്തിടെ ഇരുവരും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. സിന്ധുവിനെ ബിനോയ് നിരന്തരം മര്‍ദിച്ചിരുന്നതായും സിന്ധുവിന്റെ അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ബിനോയ് തന്നെ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം