ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ നോട്ടുകള്‍ വിതറി; കൊലയ്ക്കു മുന്‍പ് ഇഷ്ടഭക്ഷണം
പ്രതി അഫാന്‍ അനിയന്‍ അഫ്‌സാനോടു ഏറെ വാത്സല്യം കാണിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പ്രവൃത്തികളിലും ശരീരഭാഷയിലും ഒട്ടേറെ ദുരൂഹതകള്‍ സംശയിച്ച് പൊലീസ്. കൊലപാതകങ്ങള്‍ക്കു ശേഷം അഫാന്‍ ചെയ്ത കാര്യങ്ങളാണ് പൊലീസിനെ കുഴപ്പിക്കുന്നത്. 13 വയസ് പ്രായമുള്ള കുഞ്ഞനുജനെ കൊലപ്പെടുത്തിയത് എന്തിനാണെന്നു നാട്ടുകാരും ചോദിക്കുന്നു.
പ്രതി അഫാന്‍ അനിയന്‍ അഫ്‌സാനോടു ഏറെ വാത്സല്യം കാണിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അനിയന്‍ അഫ്‌സാനെ ചേര്‍ത്തിരുത്തി പേരുമല ആര്‍ച്ച് ജങ്ഷനിലൂടെ അഫാന്‍ ഇടയ്ക്കിടെ ബൈക്ക് ഓടിച്ചു പോകാറുണ്ട്. കൊലപാതകം നടന്ന ഇന്നലെയും അഫാന്‍ ഇത്തരത്തില്‍ അനിയനെയും കൊണ്ട് ബൈക്കില്‍ പോയിട്ടുണ്ട്. കൊലപാതകത്തിനു മുന്‍പ് അനുജനെ ഹോട്ടലില്‍ കൂട്ടിക്കൊണ്ടു പോയി കുഴിമന്തി വാങ്ങി നല്‍കി. അതിന്റെ അവശിഷ്ടങ്ങളും ശീതളപാനീയവും വീടിന്റെ വരാന്തയിലെ കസേരയിലുണ്ട്.
ഒന്‍പതാം ക്ലാസിലാണ് അഫ്‌സാന്‍ പഠിക്കുന്നത്. പിതാവ് വിദേശത്ത് ആയതിനാല്‍ അഫ്‌സാന്റെ പഠനകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നത് അഫാന്‍ ആണ്. അനിയന്റെ മൃതദേഹത്തിനു ചുറ്റും അഫാന്‍ 500 രൂപയുടെ കറന്‍സി നോട്ടുകള്‍ വിതറിയിട്ടുണ്ട്. ഇങ്ങനെ അഫാന്‍ ചെയ്തത് എന്തിനാണെന്നു ആര്‍ക്കും മനസിലായിട്ടില്ല. ഇതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിലെ സ്വീകരണ മുറിയില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു അഫ്‌സാന്റെ മൃതദേഹം. മറ്റുള്ളവരെ കൊലപ്പെടുത്തിയ പോലെ ചുറ്റിക ഉപയോഗിച്ച് അടിച്ചു തന്നെയാണ് അഫാന്‍ തന്റെ അനിയനെയും കൊന്നിരിക്കുന്നത്.