എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു; കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ് രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത്
ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. ഷാര്‍ജ, ദമാം, അബുദാബി, മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ വിമാനങ്ങള്‍ റദ്ദാക്കിയ വിവരം അറിയുന്നത്. മേയ് 13 നു ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്നാണ് വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
ഇന്നലെ കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. മസ്‌കറ്റ്, ദമാം വിമാനങ്ങളാണ് ഇന്നലെ സര്‍വീസ് നിര്‍ത്തിവെച്ചത്. വൈകിട്ട് നെടുമ്പാശേരിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള സര്‍വീസും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളും മുടങ്ങി. യുഎഇയില്‍ നിന്ന് തിങ്കളാഴ്ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ് രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത്. നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ഇതേ തുടര്‍ന്ന് റദ്ദാക്കി. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ എംഡി അറിയിച്ചു. എയര്‍ ഇന്ത്യയുടെ നൂറിലേറെ ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്. ഇന്നലെ മാത്രം 90 സര്‍വീസുകള്‍ റദ്ദാക്കി.