Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്‍ഡ്രൂസ് താഴത്തിന്റെ വിലാപങ്ങളും നുരഞ്ഞു പൊന്തുന്ന സ്ത്രീവിരുദ്ധതയും

ആന്‍ഡ്രൂസ് താഴത്തിന്റെ വിലാപങ്ങളും നുരഞ്ഞു പൊന്തുന്ന സ്ത്രീവിരുദ്ധതയും
, ബുധന്‍, 18 മെയ് 2022 (15:18 IST)
ഈ അടുത്ത കാലത്ത് വരെ സിറോ മലബാര്‍ സഭ തങ്ങളുടെ ഏറ്റവും വലിയ തലവേദനയായി കണ്ടത് ലൗ ജിഹാദ് ആണ്. കഴിഞ്ഞ ദിവസം തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്താ മാര്‍.ആന്‍ഡ്രൂസ് താഴത്ത് കുറച്ചുകൂടി അപ്‌ഡേറ്റ് ചെയ്യപ്പെട്ട തങ്ങളുടെ വേവലാതിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. അത് നിരീശ്വരവാദ ഗ്രൂപ്പുകളാണ്. പ്രത്യേകിച്ച് നിരീശ്വരവാദ ഗ്രൂപ്പുകളില്‍ അകപ്പെടുന്ന പെണ്‍കുട്ടികള്‍ ! 
 
നിരീശ്വരവാദി ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ട് പോവുകയാണെന്നാണ് ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞത്. നിരീശ്വരവാദ ഗ്രൂപ്പുകള്‍ക്ക് സംസ്ഥാനം മുഴുവന്‍ ശൃംഖലയുണ്ട്. വിശ്വാസികളായ പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. തൃശൂര്‍ മെത്രാനായി താന്‍ സ്ഥാനമേറ്റ ശേഷം 18 വര്‍ഷത്തിനിടെ ഇത്തരത്തില്‍ അമ്പതിനായിരത്തോളം പേര്‍ കുറഞ്ഞു. തൃശൂര്‍ അതിരൂപതയില്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളെ നിരീശ്വരവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു. 
 
കുഞ്ഞാടുകളെ വഴിതെറ്റാതെ നോക്കാന്‍ ഇടയന് ഉത്തരവാദിത്തമുണ്ട്. അതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ 'മക്കളേ നിങ്ങള്‍ നിരീശ്വരവാദത്തിലേക്കൊന്നും പോകരുതേ' എന്ന് ആന്‍ഡ്രൂസ് താഴത്തിന് പഠിപ്പിക്കാനും പ്രസംഗിക്കാനുമുള്ള അവകാശമുണ്ട്. അതില്‍ തെറ്റൊന്നും ഇല്ല. പക്ഷേ, നിരീശ്വരവാദത്തിലേക്ക് വഴി തെറ്റി പോകുന്നത് പെണ്‍കുട്ടികള്‍ മാത്രമാണെന്ന തരത്തിലുള്ള ഉട്ടോപ്യന്‍ കണ്ടുപിടുത്തങ്ങളും പെണ്‍കുട്ടികള്‍ മാത്രം കുറച്ചധികം ശ്രദ്ധിക്കണമെന്നുള്ള സാരോപദേശങ്ങളും അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നതില്‍ തര്‍ക്കമൊന്നും ഇല്ല. ഇനി അതല്ല 'ഞങ്ങളുടെ ആണ്‍കുട്ടികള്‍ നിരീശ്വരവാദികളായാലും കുഴപ്പമില്ല, പെണ്‍കുട്ടികള്‍ നിരീശ്വരവാദത്തിലേക്ക് പോകാതിരുന്നാല്‍ മാത്രം മതി' എന്ന കാഴ്ചപ്പാടാണോ നിങ്ങള്‍ക്ക് ഉള്ളത്? അതെന്താ സഭയിലെ ആണ്‍കുട്ടികളെ തവിട് കൊടുത്ത് വാങ്ങിയതാണോ? 
 
ആന്‍ഡ്രൂസ് താഴത്തിനെ പോലുള്ളവര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. സഭയ്ക്ക് തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കാനും വിശ്വാസികളെ സംഘടിപ്പിക്കാനും അവകാശമുള്ള പോലെ തന്നെ ഇന്ത്യന്‍ ഭരണഘടന നിരീശ്വരവാദം പ്രചരിപ്പിക്കാനും അവര്‍ക്ക് സംഘടിക്കാനും അവകാശവും സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. 
 
ആന്‍ഡ്രൂസ് താഴത്തിന്റെ മറ്റൊരു വേദനയാണ് കൂടുതല്‍ ചര്‍ച്ചയാകേണ്ടത്. തങ്ങളുടെ രൂപതയില്‍ 35 കഴിഞ്ഞ 15,000 ത്തോളം യുവാക്കള്‍ ഇപ്പോഴും അവിവാഹിതരായി തുടരുന്നുണ്ടത്രേ! അതിന് ? അദ്ദേഹം പറഞ്ഞുവരുന്നത് വളരെ മനോഹരമായ സ്ത്രീവിരുദ്ധതയാണ്. പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നതാണ് ഇത്രത്തോളം യുവാക്കള്‍ അവിവാഹിതരായി തുടരാന്‍ കാരണമത്രേ ! പെണ്‍കുട്ടികള്‍ വ്യാപകമായി നിരീശ്വരവാദത്തിലേക്ക് പോകുന്നതും തങ്ങളുടെ യുവാക്കള്‍ അവിവാഹിതരായി തുടരുന്നതും തമ്മില്‍ വല്ലാത്തൊരു ഇന്റര്‍ കണക്ഷന്‍ ഉണ്ടെന്നാണ് ടിയാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പെണ്ണ് എന്നാല്‍ വിവാഹം കഴിക്കാനും കുടുംബമുണ്ടാക്കാനും മാത്രം വേണ്ടിയുള്ള മെറ്റീരിയല്‍ ആണെന്ന എല്ലാ മതങ്ങളുടേയും പിന്തിരിപ്പന്‍ കാഴ്ചപ്പാടാണ് ആന്‍ഡ്രൂസ് താഴത്ത് ഇവിടെ ആവര്‍ത്തിക്കുന്നത്. സ്വന്തമായി വ്യക്തിത്വമുള്ള, ഇഷ്ടമുള്ളത് വിശ്വസിക്കാനും ഇഷ്ടമുള്ളവര്‍ക്കൊപ്പം ജീവിക്കാനും ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാനും അവര്‍ക്കും അവകാശമുണ്ടെന്ന സാമാന്യബോധത്തിലേക്ക് തൃശൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പിന് ഇപ്പോഴും വണ്ടി കിട്ടിയിട്ടില്ലെന്ന് സാരം ! 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് അടച്ചുപൂട്ടിയ 68 മദ്യശാലകൾ തുറക്കും