വടക്കാഞ്ചേരി പീഡനക്കേസിലെ ഇര അനുമതി നല്കിയിരുന്നു; അതുകൊണ്ടാണ് അവരുടെ പേര് വെളിപ്പെടുത്തിയത്: വിശദീകരണവുമായി അനില്‍ അക്കര
വിശദീകരണവുമായി അനില്‍ അക്കര
വടക്കാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ട് ഇരയുടെ പേര് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് രേഖാമൂലം തനിക്ക് അനുമതി നല്കിയതിനാലെന്ന് അനില്‍ അക്കര എം എല്‍ എ. ഇരയുടെ പേര് താന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയെന്ന വിവാദത്തിന് മറുപടിയായാണ് അനില്‍ അക്കര ഇങ്ങനെ പറഞ്ഞത്.
തന്റെ ഭാഗം ന്യായീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പേര് ഉപയോഗിക്കാന്‍ രേഖാമൂലം ഇര അനുമതി നല്കിയിരുന്നു. പൊലീസ് കേസ് ഒതുക്കിതീര്‍ക്കുന്നത് താന്‍ പുറത്തു കൊണ്ടുവന്നു. ഇതിലെ വൈരാഗ്യം തീര്‍ക്കാനാണ് തൃശൂരില്‍ കഴിഞ്ഞദിവസം നടന്ന മാര്‍ച്ചിനിടെ തന്നെ മര്‍ദ്ദിച്ചതെന്നും എം എല്‍ എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വടക്കാഞ്ചേരില്‍ പീഡനസംഭവത്തിലെ പേരുകള്‍ പറയുന്നതിനിടെ ഇരയുടെ പേര് പറഞ്ഞത് മന:പൂര്‍വ്വമല്ല. വിഷയം മുന്നോട്ട് കൊണ്ടുപോകുന്ന മാധ്യമപ്രവര്‍ത്തകരെ സഹായിക്കാനാണ് ഇത്. പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. എന്നാല്‍, തനിക്ക് രേഖാമൂലമുള്ള അനുമതിയുള്ളതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ തന്നെ പൊലീസ് മര്‍ദ്ദിച്ചത് ഇത് അറിഞ്ഞുകൊണ്ടു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.