Publish Date: Mon, 22 Nov 2021 (15:37 IST)
Updated Date: Mon, 22 Nov 2021 (15:43 IST)
ദുരൂഹസാഹചര്യത്തില്‍ കൊച്ചിയിലെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളില്‍ ഒരാളായ അഞ്ജന ഷാജന്‍, ഹോട്ടലില്‍വച്ചു രണ്ടു തവണ മദ്യം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചിരുന്നെന്നു സഹോദരന്‍ അര്‍ജുന്‍. നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കു ശേഷം, രാത്രി 10.43നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് അഞ്ജന മദ്യം കഴിക്കാനുള്ള വാഗ്ദാനം നിരസിച്ച ദൃശ്യമുള്ളത്. ഇതു പൊലീസ് തന്നെ കാണിച്ചിരുന്നെന്നും അര്‍ജുന്‍ പറഞ്ഞു. പാര്‍ട്ടിക്കിടെ അഞ്ജന ചില നൃത്തച്ചുവടുകള്‍ ചെയ്യുന്നത് വിഡിയോയില്‍ കാണാം. പാര്‍ട്ടി കഴിഞ്ഞ് അഞ്ജന സന്തോഷത്തോടെ ഇറങ്ങിപ്പോരുന്നതും ദൃശ്യങ്ങളിലുണ്ട്. അഞ്ജനയ്ക്ക് മദ്യത്തോട് കടുത്ത എതിര്‍പ്പായിരുന്നെന്നും അര്‍ജുന്‍ പറഞ്ഞു.
അന്‍സിയും അഞ്ജനയും സഞ്ചരിച്ച കാറില്‍ നിന്നു മദ്യക്കുപ്പി ലഭിച്ചെന്നു പറയുന്നു. എന്നാല്‍, ഹോട്ടലില്‍ നിന്ന് നാല് പേരും കയ്യും വീശി ഇറങ്ങുന്നതാണ് സിസിടിവി ദൃശ്യത്തില്‍ നിന്ന് തനിക്ക് മനസിലായതെന്നും അര്‍ജുന്‍ പറയുന്നു. ഹോട്ടലില്‍നിന്ന് ഇറങ്ങിയപ്പോള്‍ അഞ്ജന മദ്യപിച്ചതിന്റെ യാതൊരു ലക്ഷണവും വിഡിയോയില്‍ ഇല്ല. വീട്ടില്‍ മദ്യം കയറ്റുന്നതിനോടു തന്നെ അവള്‍ക്കു വിയോജിപ്പായിരുന്നു. തന്റെ വിവാഹത്തിനു പോലും സുഹൃത്തുക്കള്‍ക്കു മദ്യം നല്‍കുന്നതിനെ അഞ്ജന എതിര്‍ത്തിരുന്നു. മദ്യപിക്കുന്നവര്‍ ഉണ്ടെങ്കില്‍ വീട്ടില്‍ കയറ്റേണ്ട എന്നാണ് പറഞ്ഞത്. അഞ്ജനയും അബ്ദുല്‍ റഹ്മാനും തമ്മില്‍ പ്രണയത്തിലായിരുന്നെന്നു സുഹൃത്തു പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.