ആലപ്പുഴ: നാട്ടിലും ചുറ്റുപാടുമായി ആറു മാസത്തിനുള്ളില്‍ അമ്പതോളം പേര്‍ക്ക് അശ്ലീല ഊമക്കത്ത് അയച്ച സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി ശ്യാമും (36) കൂട്ടാളികളായ നെടുകുളഞ്ഞിമുറി തിരുവോണം വീട്ടില്‍ ജലജ (44), ചെറിയനാട് മാമ്പ്ര കാര്‍ത്തിക നിവാസില്‍ രാജേന്ദ്രന്‍ (57) എന്നിവരാണ് നൂറനാട് പോലീസിന്റെ പിടിയിലായത്.
അയല്‍വാസിയെ കേസില്‍ കുടുക്കാനായി ഒന്നാം പ്രതിയായ ശ്യാമാണ് ഇത് തുടങ്ങിയതും നടപ്പാക്കിയതും. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേരും കൂടുകയായിരുന്നു. ആറു മാസം മുമ്പ് ശ്യാം നൂറനാട് പോലീസിനെ സമീപിച്ചു അയല്‍ക്കാരന്‍ പലര്‍ക്കും അശ്‌ളീല ഊമക്കത്തുകള്‍ അയക്കുന്നുണ്ടെന്നും തന്റെ പേര് വച്ച് അയക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞതും നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷിന് ഇതുപോലൊരു കത്ത് ലഭിക്കുകയും അതില്‍ അയച്ച ആളുടെ പേരായി ശ്യാമെന്നും വച്ചിരുന്നു.
തുടര്‍ന്ന് പോലീസില്‍ ശ്യാമെത്തി പരാതിയും നല്‍കി. അയാള്‍ പറഞ്ഞ അയല്‍ക്കാരനെ ചോദ്യം ചെയ്യുകയും കൈയക്ഷരം പരിശോധിക്കുകയും ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പലര്‍ക്കും ഇത്തരം കത്ത് ലഭിച്ചു. അശ്ലീലത്തിനൊപ്പം വധഭീഷണിയും ചില കത്തുകളില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നൂറനാട് പാലമേല്‍ ശ്രീകുമാറിനും സമാനമായൊരു കത്ത് ലഭിച്ചു. ഇയാള്‍ പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് സഹികെട്ടു പോലീസ് സകല സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് ഇതില്‍ നിന്ന് ശ്യാമിന്റെ സഹായിയായ ചെറിയനാട്ടെ വിമുക്തഭടനായ രാജേന്ദ്രനാണ് കത്ത് പോസ്റ്റ് ചെയ്‌തെന്നു കണ്ടെത്തി. അന്വേഷണത്തില്‍ ജലജ പറഞ്ഞതുകൊണ്ടാണ് താന്‍ കത്ത് പോസ്റ്റ് ചെയ്തതെന്ന് രാജേന്ദ്രന്‍ സമ്മതിച്ചു. തുടര്‍ന്നാണ് ജലജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് ശ്യാമാണ് സൂത്രധാരന്‍ എന്ന് പൊലീസിന് മനസ്സിലായത്.