ദിലീപേട്ടനല്ല അത് ചെയ്തതെങ്കിൽ ഇവർ പറഞ്ഞതെല്ലാം തിരിച്ചെടുക്കുമോ? - വനിതാ സംഘടനയ്ക്കെതിരെ തുറന്നടിച്ച് അനുശ്രീ
വനിത സംഘടനയിൽ അംഗമാകേണ്ട കാര്യമെനിക്കില്ല, അവർ ഇവരെ താഴ്ത്തുന്നുവെന്നൊന്നും പറയേണ്ട കാര്യമില്ല: അനുശ്രീ
കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ടതോടെയാണ് മലയാള സിനിമയിൽ സ്ത്രീകൾക്കായി ഒരു സംഘടന രൂപം കൊണ്ടത്. പാർവതി, മഞ്ജു വാര്യർ, റിമ കല്ലിങ്കൽ തുടങ്ങി മുൻനിര നായികമാരെല്ലാം ഈ സംഘടനയിൽ അംഗവുമാണ്. എന്നാൽ, നിരവധി നടിമാർ തന്നെ ഇത്തരമൊരു സംഘടനയുടെ ആവശ്യം മലയാള സിനിമയ്ക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, സിനിമയിൽ വനിത സംഘടനയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് നടി അനുശ്രീയും വ്യക്തമാക്കുന്നു. നിലവിൽ സ്ത്രീസംഘടനയിൽ അംഗമല്ലാത്ത ആളാണ് താനെന്നും അവിടെ പോയിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും നടി പറഞ്ഞു. അടുത്തിടെ ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം പറഞ്ഞത്.
അനുശ്രീയുടെ വാക്കുകളിലേക്ക്:
‘ആ സംഘടനയെക്കുറിച്ച് മോശം പറയുന്നതോ അവരുടെ കൂട്ടായ്മയെ കുറ്റം പറയുകയോ അല്ല. പക്ഷേ എനിക്ക് അതിൽ അംഗമാകണമെന്ന് തോന്നിയിട്ടില്ല. അന്നത്തെ സംഭവമുണ്ടായപ്പോൾ എല്ലാവരും ദിലീപേട്ടനെതിരെയാണ് പറഞ്ഞത്. എന്നാൽ ഇപ്പോഴും അറിയില്ല, അത് ദിലീപേട്ടനാണോ ചെയ്തതെന്ന്. പക്ഷേ അവർ ചെയ്തതോ? അത് ദിലീപേട്ടനാണെന്ന് പറഞ്ഞ് മൈക്കിലൂടെ പൊതുവായി പ്രസംഗിച്ചു. അതൊക്കെ ഇപ്പോഴും ഇവിടെ ഉണ്ട്. ഇനി ദിലീപേട്ടനല്ല ഇത് ചെയ്തതെന്ന് തെളിഞ്ഞാൽ ഇതൊക്കെ ഇവർക്ക് തിരിച്ചെടുക്കാന്‍ പറ്റുമോ?
പറയാൻ നമുക്ക് ഉറപ്പുള്ള, ഒരിക്കലും മാറ്റിപ്പറയില്ലെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ പറയുക. കൂട്ടായ്മകള്‍ ഉണ്ടാകട്ടെ, സിനിമയിൽ സ്ത്രീകൾക്ക് ഉയർച്ച ഉണ്ടാകട്ടെ. പക്ഷേ അതിനകത്തെ ചീത്തയും പ്രശ്നങ്ങളും അതിനകത്ത് നിൽക്കണം. അതേപോലെ ഒരു പ്രശ്നമുണ്ടെങ്കിൽ, അത് അയാൾ ആണെന്ന് ഉറപ്പാണെങ്കിൽ മാത്രം കാര്യങ്ങൾ സംസാരിക്കുക.