അഷ്ടമുടി കായലില്‍ തിമിംഗലസ്രാവിനെ ചത്തനിലയില്‍ കണ്ടെത്തി. ഒന്നരടണ്‍ ഭാരമുള്ള തിമിംഗലസ്രാവിനെ കരയ്‌ക്കെത്തിച്ചത് ക്രെയിന്‍ ഉപയോഗിച്ചാണ്. കടല്‍ ജീവികള്‍ കടലില്‍ നിന്ന് അടുത്തുള്ള ജലാശയങ്ങളില്‍ എത്തുക സ്വാഭാവികമാണെങ്കിലും തിമിംഗലസ്രാവുകള്‍ എത്തുന്നത് അത്യാപൂര്‍വ്വമണെന്ന് സമുദ്ര ജീവികളെ പറ്റി പഠനം നടത്തുന്ന വിദഗ്ധര്‍ പറയുന്നു.
ലവണാംശത്തില്‍ വ്യത്യാസമുള്ള കായലുകളിലും മറ്റും തിമിംഗല സ്രാവുകള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല. സംരക്ഷിത ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട തിമിംഗല സ്രാവ് കായലിലെ ഉള്‍പ്രദേശത്ത് എത്തിയതിന്റെ സാധ്യത വനവകുപ്പ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി പുന്നലയിലേക്ക് കൊണ്ടുപോയി. മണ്ണ് മാന്തി കൊണ്ട് സ്രാവിനെ മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിന്നീട് ക്രെയിന്‍ എത്തിയാണ് ഒന്നരടണ്‍ ഭാരമുള്ള സ്രാവിനെ വലിയ ലോറിയില്‍ കയറ്റിയത്. രണ്ടാഴ്ചക്കുള്ളില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. ഇതിനുശേഷമേ സ്രാവിന്റെ മരണകാരണം വ്യക്തമാവുകയുള്ളൂ.