സമൂഹത്തിലെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധമാണെന്ന് മലയാളം സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്ക. സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമ. പുരുഷാധിപത്യവും സ്ത്രീധനപീഡനങ്ങളും രാഷ്ട്രീയജീര്‍ണതയുമെല്ലാം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ സിനിമയുണ്ടാക്കിയതാണോ എന്നും വാര്‍ത്താക്കുറിപ്പില്‍ ഫെഫ്ക ചോദിക്കുന്നു.
നമ്മളില്‍ ഭൂരിഭാഗത്തിനും പോലീസ് പറയുന്ന കാര്യങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാനാണ് താത്പര്യം. വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണം അഞ്ചാം പാതിരയെന്ന സിനിമയാണത്രെ, ദൃശ്യം1, ദൃശ്യം 2 പോലുള്ള സിനിമകള്‍ വേറെയും കൊലപാതകങ്ങള്‍ക്ക് പ്രേരണയായെന്ന് വിമര്‍ശിക്കപ്പെടുന്നു. മാര്‍ക്കോയ്‌ക്കെതിരെയും ഇത്തരം ആക്ഷേപങ്ങളുണ്ട്. ഇത്തരം സിനിമകള്‍ക്ക് ആധാരമായ ആശയങ്ങള്‍ ലഭിക്കുന്നത് സമൂഹത്തില്‍ നിന്നാണ്.
മലയാളത്തിലെ ഏറ്റവും ജനസമ്മതിയുള്ള നടനെ കൊണ്ട് നാര്‍ക്കോട്ടിക്‌സ് ഈസ് ഡേര്‍ട്ടി ബിസിനസ് എന്ന് വന്‍വിജയം നേടിയ 2 സിനിമകളില്‍ പറയിപ്പിച്ചത് സഹപ്രവര്‍ത്തകരായ എഴുത്തുകാരും സംവിധായകരുമാണ്. തിയേറ്ററില്‍ പകമ്പനം സൃഷ്ടിച്ച ഈ രംഗങ്ങള്‍ക്കില്ലാത്ത സ്വാധീനശക്തി മറ്റ് ചില രംഗങ്ങള്‍ക്കുണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പും ലഹരിയുടെ കുത്തൊഴുക്ക് തടയുന്നതില്‍ പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കലുമാണെന്ന് ഫെഫ്ക പറയുന്നു. അതേസമയം വയലന്‍സിനെ ആനന്ദത്തിലേക്കുള്ള ഉപാധിയെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നത് വിമര്‍ശിക്കപ്പെടേണ്ടതുണ്ടെന്നും ജനാധിപത്യപരമായ അത്തരം സംവാദങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ഫെഫ്കയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.