Publish Date: Thu, 08 Jun 2023 (19:02 IST)
Updated Date: Thu, 08 Jun 2023 (19:04 IST)
മലപ്പുറം: അവധി നൽകാത്ത ദേഷ്യത്തിന് സർക്കിൾ ഇൻസ്‌പെക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സിവിൽ പോലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.പ്രേമാനന്ദ കൃഷ്ണനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സി.പി.ഒ ടി മഹേഷിനെയാണ് ജില്ലാ പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ഇരുപത്തൊമ്പതാം തീയതി രാത്രിയായിരുന്നു സംഭവം. മഹേഷിന്റെ മാതാവിന് അസുഖമായതിനാൽ അവധിക്കായി സി.ഐ യെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെ തുടർന്ന് സി.ഐ യുടെ താമസ സ്ഥലത്തെത്തി കൈയേറ്റത്തിന് മുതിർന്നു എന്നാണു പറയുന്നത്. സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മഹേഷിനെ പരിശോധിച്ചപ്പോൾ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്.
വടക്കേക്കാട് ഉത്സവ സമയത്ത് പ്രശനം ഉണ്ടാക്കി എന്നതിനാലാണ് ഇയാളെ ഗുരുവായൂരിലേക്ക് സ്ഥലം മാറ്റിയിരുന്നത്. കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തലയുടെ റിട്ടേൺസ് വിഭാഗത്തിൽ ഉണ്ടായിരുന്ന ആളാണ് മഹേഷ്.