നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ക്രിമിനല്‍ കേസ് പിന്‍വലിക്കണമെന്നുള്ള സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. രണ്ടാം പിണറായി സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായ വി.ശിവന്‍കുട്ടി അടക്കമുള്ള ആറ് പ്രതികള്‍ കേസില്‍ വിചാരണ നേരിടേണ്ടിവരും. സഭയിലെ അക്രമം സഭാനടപടിയായി കാണാന്‍ കഴിയില്ലെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കേരള നിയമസഭയില്‍ നടന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.