മാന്നാർ: വൈദ്യുതി ബിൽ കുടിശിക അടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാനെത്തിയ ലൈൻമാനെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ വൈദ്യുതി ഓഫീസിലെ ലൈൻമാൻ മുഹമ്മ കാവുങ്കൽ സ്വദേശി ഉത്തമനെ (56) ആക്രമിച്ച കേസിൽ മാന്നാർ പാവുക്കര തോലമ്പടവിൽ ടി.ജി.മനോജാണ് അറസ്റ്റിലായത്. മനോജ് സി.ഐ.ടി.യു മാന്നാർ ഏറിയ ജോയിന്റ് സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമാണ്.
രണ്ട് ദിവസം മുമ്പായിരുന്നു രണ്ട് മാസത്തെ വൈദ്യുതി ബിൽ അടയ്ക്കാത്തതിന് കെ.എസ്.ഐ.ബി ജീവനക്കാരായ ഉത്തമൻ, വിജയൻ, അമര്ജിത് എന്നിവർ മനോജിന്റെ വീട്ടിലെത്തിയത്. ഇവർ കണക്ഷൻ വിച്ഛേദിക്കാൻ പോയപ്പോൾ മനോജ് ഉത്തമനെ മർദ്ദിക്കുകയും മൊബൈൽ ഫോൺ വാങ്ങി നിലത്തെറിയുകയും ചെയ്തു. തുടർന്ന് മനോജ് വെട്ടുകത്തിയുമായി എത്തിയപ്പോൾ മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ ഉത്തമൻ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പരാതിയെ തുടർന്നാണ് മനോജിനെ പോലീസ് അറസ്റ്ററ് ചെയ്തത്.