മാധ്യമ- അഭിഭാഷക സമിതി യോഗം ഇന്ന് കൊച്ചിയില്‍
മാധ്യമ- അഭിഭാഷക സമിതി യോഗം വ്യാഴാഴ്ച കൊച്ചിയില്‍
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച അഭിഭാഷക മാധ്യമ സമിതിയുടെ യോഗം വ്യാഴാഴ്ച കൊച്ചിയില്‍ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് കൊച്ചിയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഓഫിസില്‍ യോഗം ചേരുമെന്നാണ് സമിതി അംഗങ്ങളെ അറിയിച്ചത്. അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദാണ് സമിതി അധ്യക്ഷന്‍.
പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകള്‍ വരുന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മാനേജ്‌മെന്റുകള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സമിതിയില്‍ മാധ്യമങ്ങളുടെ മാനേജ്‌മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്ന് കേരള ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രൂപവത്കരിച്ച സമിതി യോഗം ചേരാനിരിക്കെയാണ് ഈ ആവശ്യമുന്നയിച്ച് അസോസിയേഷന്‍ രംഗത്തുവന്നത്.
അഭിഭാഷകര്‍ക്കും നീതിപീഠങ്ങള്‍ക്കുമെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ചര്‍ച്ചകള്‍ ഫലപ്രദമാക്കാനും ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി. മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി മാധ്യമ വിചാരണ നടത്തുന്നതിനെ യോഗം അപലപിച്ചതായും അസോസിയേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.