കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍
തെരുവില്‍ ഉറങ്ങിക്കിടന്നയാളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
കൊച്ചി: തെരുവില്‍ ഉറങ്ങിക്കിടന്നയാളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പിറവം സ്വദേശി ജോസഫിനെ (58) ആണ് ആകമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയായ ആന്റപ്പന്‍ (62) കൊച്ചി സ്വദേശിയാണ്. കടവന്ത്രയിലെ സഹോദരന്‍ അയ്യപ്പന്‍ റോഡിന് സമീപം പുലര്‍ച്ചെ 12.50 ഓടെയാണ് സംഭവം. പണം മോഷ്ടിക്കാന്‍ ശ്രമിച്ചതിന് ജോസഫ് പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു.
ജോസഫും ആന്റപ്പനും തെരുവുകളില്‍ ഉറങ്ങുന്നവരാണ്. സംഭവദിവസം രാത്രി അവര്‍ ഒരേ സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു. ജോസഫ് ഉറങ്ങിക്കിടക്കുമ്പോള്‍ ആന്റപ്പന്‍ പോക്കറ്റില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ജോസഫ് ഉണര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വലിയ വഴക്കായി . തുടര്‍ന്ന് ആന്റപ്പന്‍ സ്ഥലം വിട്ടു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ കുപ്പിയില്‍ പെട്രോളുമായി തിരിച്ചെത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന ജോസഫിന്റെ ദേഹത്ത് അത് ഒഴിച്ച് തീകൊളുത്തി.
ജോസഫിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി തീ അണച്ചു. ജോസഫിനെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ആന്റപ്പന്‍ ഓടി രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു.