പന്നിക്ക് നൽകാൻ വെച്ച പഫ്‌സ് ചൂടാക്കി വിൽപ്പന; കട പൂട്ടിച്ച് നാട്ടുകാർ
റൊട്ടി നിർമ്മാണ കേന്ദ്രമായ ബോർമയിൽ നിന്നും വാങ്ങിയ പഫ്സ് കഴിച്ച് ആറു വയസ്സുകാരന് ഛർദ്ദിൽ ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ ഉടലെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
പന്നിക്ക് നൽകാനായി വെച്ചിരുന്ന പഫ്‌സ് വിൽപ്പന നടത്തിയ കടയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. റൊട്ടി നിർമ്മാണ കേന്ദ്രമായ ബോർമയിൽ നിന്നും വാങ്ങിയ പഫ്സ് കഴിച്ച് ആറു വയസ്സുകാരന് ഛർദ്ദിൽ ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ ഉടലെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
പന്നി വളർത്തുകാർക്ക് നൽകുന്നതിനായി മാറ്റിവെച്ച പഴകിയ ഭക്ഷണ പദാർഥങ്ങളുടെ കൂട്ടത്തിലെ പഫ്സ് ഇതര സംസ്ഥാന ജീവനക്കാർ വിൽപ്പനയ്ക്ക് വയ്ക്കുകയായിരുന്നു എന്നാണ് കടയുടമയുടെ വാദം. ഇവിടെ നിന്ന് വാങ്ങിയ പഫ്‌സ് കഴിച്ചതിനു ശേഷം കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തതോടെ ബാക്കി പഫ്സുമായി കുട്ടിയുടെ പിതാവ് കടയിൽ വന്ന് ബഹളം വച്ചു.
പിന്നാലെ ഇവിടെ നിന്നും വാങ്ങിയ പഫ്സുമായി കൂടുതൽ പേർ കടയുടെ മുന്നിലേക്കെത്തി. ഇത് സംഘർഷത്തിനിടയാക്കി. പൊലീസ് എത്തിയതാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. എന്നാൽ ജില്ലാ ഭരണകൂടത്തെയും, ആരോഗ്യവിഭാഗത്തെയും വിവരം അറിയിച്ചിട്ടും ഇവരാരും പരിശോധനയ്ക്ക് എത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാരുടെ പ്രതിഷേധത്തോടെ കട പൂട്ടി.