Webdunia - Bharat's app for daily news and videos

Install App

ഡല്‍ഹിയും പഞ്ചാബും കേരളത്തില്‍ ആവര്‍ത്തിക്കില്ല; ആം ആദ്മി നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍

Webdunia
തിങ്കള്‍, 16 മെയ് 2022 (15:25 IST)
ഡല്‍ഹിയും പഞ്ചാബും ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് ആം ആദ്മി കേരളത്തില്‍ അരയും തലയും മുറുക്കി പോരിന് ഇറങ്ങിയിരിക്കുന്നത്. വളരെ ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള സംസ്ഥാനമുള്ള നാടാണ് കേരളം. അവിടേക്കാണ് അരാഷ്ട്രീയ തന്ത്രങ്ങളുമായി ആം ആദ്മി കയറിവരുന്നത്. അതുകൊണ്ട് തന്നെ ആം ആദ്മിയെ കേരളം വാരിപ്പുണരുമോ അതോ ആപ്പ് വയ്ക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം. 
 
നേരത്തെയും കേരളം പിടിക്കാന്‍ ആം ആദ്മി ഒരു പരിശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍, അന്ന് പരിശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സാറ ജോസഫ് അടക്കമുള്ള പ്രമുഖരെ കളത്തിലിറക്കിയാണ് ആം ആദ്മി പരീക്ഷണം നടത്തിയത്. ആ തിരഞ്ഞെടുപ്പില്‍ കേരളം ആം ആദ്മിയെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞില്ല. ഏതാണ്ട് രണ്ടര ലക്ഷത്തിലേറെ വോട്ടുകള്‍ അന്ന് ആം ആദ്മിക്ക് ലഭിച്ചു. 
 
2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 2,56,662 വോട്ടുകളാണ് ആം ആദ്മി കേരളത്തില്‍ നിന്ന് നേടിയത്. എറണാകുളത്തെ ആം ആദ്മി സ്ഥാനാര്‍ഥി അനിതാ പ്രതാപ് 50,000 ത്തിനു മുകളില്‍ വോട്ട് പിടിച്ചു. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 45,000 ത്തിനടുത്ത് വോട്ടുകളാണ് സാറ ജോസഫ് സ്വന്തമാക്കിയത്. എന്നാല്‍ 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 മണ്ഡലങ്ങളിലും മത്സരിച്ച ആം ആദ്മി 2019 ല്‍ ഒരു സീറ്റില്‍ പോലും മത്സരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. 
 
സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫുമാണ് കേരളത്തില്‍ മാറി മാറി ഭരിച്ചിരുന്നത്. ഇത്തവണ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുകയും ചെയ്തു. അല്‍പ്പം ക്ഷീണിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ ആണെങ്കില്‍ പോലും കോണ്‍ഗ്രസിനും യുഡിഎഫിനും നിലവില്‍ കേരളത്തില്‍ വ്യക്തമായ വോട്ട് ബാങ്കുണ്ട്. മൂന്നാം മുന്നണിയായ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും മറുവശത്തുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ബിജെപിയും പഠിച്ച പണി പതിനെട്ടും പയറ്റി നോക്കുന്നുണ്ട്. പക്ഷേ, കേരളത്തിലെ ഇടത്-വലത് മുന്നണികളെ മറികടക്കാനോ അവരുടെ പകുതിയെങ്കിലും വോട്ട് നേടാനോ സാധിച്ചിട്ടില്ല. അങ്ങനെയൊരു അവസ്ഥയിലാണ് ആം ആദ്മി ട്വന്റി 20 ക്കൊപ്പം ചേര്‍ന്ന് നാലാം മുന്നണി എന്ന ആശയവുമായി എത്തുന്നത്. 
 
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ഉന്നത ജീവിത നിലവാരമാണ് ആം ആദ്മിയുടെ മുന്നോട്ടുള്ള യാത്രയില്‍ തിരിച്ചടിയാകുക. ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ മെച്ചപ്പെട്ട ജീവിത നിലവാരം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അങ്ങനെയൊരു സമൂഹത്തിലേക്ക് 'രാഷ്ട്രീയം മാറ്റിവയ്ക്കൂ, ജനക്ഷേമം ഉറപ്പ്' എന്ന ആശയവുമായി ആം ആദ്മി-ട്വന്റി 20 മുന്നണി കടന്നുവരുമ്പോള്‍ അതിന് അത്ര പെട്ടന്ന് സ്വീകാര്യത കിട്ടാന്‍ സാധ്യതയില്ല. പരമ്പരാഗത വോട്ടുകളാണ് പലപ്പോഴും കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് എന്ന വസ്തുതയും എടുത്തുപറയണം. ഡല്‍ഹിയിലും പഞ്ചാബിലും പയറ്റിയ തന്ത്രങ്ങള്‍ മാത്രം പോരാ ആം ആദ്മിക്ക് കേരളത്തില്‍ വേരുറപ്പിക്കാനെന്ന് സാരം...
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Lok Sabha Election Exit Poll 2024: എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്, ഇന്ത്യാ സഖ്യം 295 ന് മുകളിൽ സീറ്റ് നേടി അധികാരത്തിൽ വരും

Arvind kejriwal: കേജ്‌രിവാൾ ഇന്ന് തിരികെ ജയിലിലേക്ക്, ജാമ്യം നീട്ടണമെന്ന ആവശ്യത്തിൽ കോടതിയുടെ തീരുമാനം നാളെ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Lok Sabha Election Exit Poll 2024 Live: കേരളത്തില്‍ കോണ്‍ഗ്രസ് തരംഗം, എല്‍ഡിഎഫ് തകരും, ബിജെപി അക്കൗണ്ട് തുറക്കും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും, എല്‍ഡിഎഫിന് പൂജ്യം! വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പറയുന്നത് ഇങ്ങനെ

അടുത്ത ലേഖനം
Show comments