നടൻ ബിജുമേനോന്റെ കാർ അപകടത്തിൽപെട്ടു; താരം വഴിയില്‍ കുടുങ്ങി
നടൻ ബിജുമേനോന്റെ കാർ അപകടത്തിൽപെട്ടു; താരം വഴിയില്‍ കുടുങ്ങി
സിനിമാ താരം ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. ഇന്നലെ രാത്രി 8.30ന് വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയില്‍ വെച്ചായിരുന്നു അപകടം. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും ബിജുമേനോൻപരുക്കേൽക്കാതെ രക്ഷപ്പെട്ടു.
തൃശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബിജുമേനോൻ സഞ്ചരിച്ച റേഞ്ച് റോവറിലും മറ്റൊരു കാറിലും വന്നിടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ താരത്തിന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.
അപകടം ഉണ്ടായ ഉടന്‍ തന്നെ സമീപവാസികള്‍ ഓടിക്കൂടി. വാഹനത്തിലുള്ളത് ബിജുമേനോൻ ആണെന്നു മനസിലായതോടെ സംഭവസ്ഥലത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തി. ഇതോടെ റോഡില്‍ ട്രാഫിക് ബ്ലോക് രൂക്ഷമായി.
സ്ഥലത്തെത്തിയ വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും ചേർന്ന് വാഹനങ്ങൾ നീക്കം ചെയ്തതോടെ ഗതാഗതം പുനസ്ഥാപിച്ചു. രാത്രി ഏറെ വൈകി മറ്റൊരു കാറിൽ ബിജുമേനോൻ ഇവിടെ നിന്നും യാത്ര തിരിച്ചു.