ബിജെപി നേതാവ് വെടിയേറ്റു മരിച്ച സംഭവം: ഭാര്യ അറസ്റ്റില്‍
ഓട്ടോറിക്ഷ ഡ്രൈവറായ രാധാകൃഷ്ണന്‍ മാര്‍ച്ച് 20 നാണ് വെടിയേറ്റു കൊല്ലപ്പെട്ടത്
Mini Nambiar and Santhosh Kumar
പരിയാരം കൈതപ്രത്ത് ബിജെപി നേതാവ് കെ.കെ.രാധാകൃഷ്ണന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ മിനി നമ്പ്യാര്‍ (42) അറസ്റ്റില്‍. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് മിനിയെ അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷ ഡ്രൈവറായ രാധാകൃഷ്ണന്‍ മാര്‍ച്ച് 20 നാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. രാധാകൃഷ്ണനെ വെടിവെച്ച ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചനയ്ക്കു കൂട്ടുനിന്നെന്നാണ് കേസ്. മിനി മൂന്നാം പ്രതിയാണ്. ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കൈതപ്രത്ത്, പണിനടക്കുന്ന വീട്ടില്‍വെച്ചാണ് രാധാകൃഷ്ണനു വെടിയേറ്റത്. പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ് കുമാറാണ് മിനിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
മിനിയും സന്തോഷും തമ്മിലുള്ള സൗഹൃദത്തെ രാധാകൃഷ്ണന്‍ എതിര്‍ത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം. സഹപാഠികളായ സന്തോഷും മിനിയും വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വെച്ചാണ് കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും വളരെ അടുത്ത സൗഹൃദത്തിലായിരുന്നു. ഇവരുടെ സൗഹൃദത്തെ സന്തോഷ് കുമാര്‍ എതിര്‍ത്തു. മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു.
രാധാകൃഷ്ണന്റെ വീട് നിര്‍മാണത്തിന് സന്തോഷ് സഹായിയായി എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഭാര്യയുടെ കാര്യത്തില്‍ സന്തോഷ് കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ രാധാകൃഷ്ണന്‍ എതിര്‍ത്തു. ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതിനിടെ രാധാകൃഷ്ണന്‍ സന്തോഷിനെതിരെ പരിയാരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇരുവരെയും പൊലീസ് വിളിച്ചു സംസാരിക്കുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയതോടെ രാധാകൃഷ്ണനോടു സന്തോഷിനു വൈരാഗ്യമായി. ഇതേ തുടര്‍ന്ന് മിനിയുടെ സഹായത്തോടെ വീട്ടില്‍ ഒളിച്ചിരുന്ന് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന ദിവസം വൈകീട്ട് 'നിനക്കു മാപ്പില്ല' എന്ന് സന്തോഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു.