Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് ചൂടുവെള്ളം നല്‍കും; വിശ്രമിക്കാന്‍ കൂടുതല്‍ ഇരിപ്പിടം

2000 സ്റ്റീല്‍ ബോട്ടിലില്‍ ചുക്കു വെള്ളം നിറച്ച് മലകയറുന്ന ഭക്തര്‍ക്ക് നല്‍കുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായി

Boiled water will distributed in Sabarimala

രേണുക വേണു

, വെള്ളി, 8 നവം‌ബര്‍ 2024 (15:15 IST)
ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യം. വരി നില്‍ക്കുന്ന ഭക്തര്‍ക്കായി ബാരിക്കേടുകള്‍ക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകള്‍ വഴി ക്യൂ നില്‍ക്കുന്നവര്‍ക്ക് ചൂടുവെള്ളം നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ശരംകുത്തി മുതല്‍ വലിയ നടപന്തല്‍ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കും.
 
2000 സ്റ്റീല്‍ ബോട്ടിലില്‍ ചുക്കു വെള്ളം നിറച്ച് മലകയറുന്ന ഭക്തര്‍ക്ക് നല്‍കുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായി. മലയിറങ്ങുമ്പോള്‍ ബോട്ടില്‍ തിരികെ ഏല്‍പ്പിക്കണം. ഭക്തരുടെ സൗകര്യത്തിനായി സന്നിധാനം മുതല്‍ ശരംകുത്തി വരെ60ഓളം ചുക്ക് വെള്ള കൗണ്ടറുകളും സജ്ജീകരിക്കും. 
 
നിലവില്‍ മണിക്കൂറില്‍ 4000 ലിറ്റര്‍ സംഭരണശേഷിയുള്ള ശരം കുത്തിയിലെ ബോയിലറിന്റെ ശേഷി പതിനായിരം ലിറ്റര്‍ ആക്കി ഉയര്‍ത്തി. ആയിരം പേര്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ ഇരിപ്പിടങ്ങളാണ് മരക്കൂട്ടം മുതല്‍ ഇത്തവണ ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. പമ്പയില്‍ വനിതകള്‍ക്കായി പ്രത്യേക വിശ്രമ കേന്ദ്രമുണ്ടാവും. വനിത ഫെസിലിറ്റേഷന്‍ സെന്ററില്‍50പേര്‍ക്കുള്ള സൗകര്യം കൂടി ഒരുക്കും.
 
നിലയ്ക്കലില്‍1045 ടോയ്ലറ്റുകള്‍ സജ്ജീകരിച്ചു. പമ്പയിലുള്ള580ടോയ്ലറ്റുകളില്‍ നൂറെണ്ണം സ്ത്രീകള്‍ക്കുള്ളതാണ്. സന്നിധാനത്ത്1005 ടോയ്ലെറ്റുകള്‍ നിലവിലുണ്ട്. പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലുമായി അന്‍പതിലധികം ബയോ ടോയ്ലെറ്റുകളും ബയോ യൂറിനലുകളും സ്ഥാപിച്ചു.
 
ഭക്തര്‍ക്ക് ലഘുഭക്ഷണത്തിനായി 50 ലക്ഷം പാക്കറ്റ് ബിസ്‌ക്കറ്റ് നിലവില്‍ കരുതിയിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ ബഫര്‍ സ്റ്റോക്ക് ആരംഭിച്ചു. വൃശ്ചികം ഒന്നാകുമ്പോള്‍ 40 ലക്ഷം കണ്ടെയ്നര്‍ ബഫര്‍ സ്റ്റോക്കില്‍ ഉറപ്പാക്കാനാകുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല