മലപുറം: കൈക്കൂലിക്കേസില്‍ സബ് രജിസ്ട്രാറും ഏജന്റും വിജിലന്‍സ് പിടിയിലായി. ആധാരം രജിസ്‌ട്രേഷന്‍ ചെലവുകുറച്ചു ചെയ്യുന്നതുമായി ബന്ധപ്പെട്ടു കൈക്കൂലി വാങ്ങിയതിന് കൊണ്ടോട്ടി സബ് റജിസ്ട്രാര്‍ കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി എസ്.സനില്‍ ജോസ് (50) കോട്ടപ്പുറത്ത്ആധാരം എഴുത്തുകാരന്‍ അബ്ദുള്‍ ലത്തീഫിന്റെ സഹായിയായ ഏജന്റ് ടി.ബഷീര്‍ (54) എന്നിവരാണ് മലപ്പുറം വിജിലന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. കേസില്‍ ആധാരമെഴുത്ത് അബ്ദുള്‍ ലത്തീഫ് രണ്ടാം പ്രതിയാണ്.
പുളിക്കല്‍ വലിയ പറമ്പ് കുടുക്കില്‍ സ്വദേശിയുടെ കുടുംബ സ്വത്തായ 75 സെന്റ് സ്ഥലം ഭാഗപത്രം ചെയ്യുന്നതിലേക്കായി സബ് റജിസ്ട്രാര്‍ വസ്തു വിലയുടെ പത്ത് ശതമാനമായ 102600 രൂപ സ്റ്റാമ്പ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സംഗതി ഭാഗപത്രം ആയതിനാല്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാനാവില്ലേ എന്നു ചോദിച്ചപ്പോള്‍ അത് ഒരു ശതമാനമാക്കി കുറയ്ക്കണമെങ്കില്‍ 60000 രൂപാ കൈക്കൂലി വേണമെന്നും പറഞ്ഞു.
അതനുസരിച്ച് പരാതിക്കാരന്‍ 30000 രൂപാ അബ്ദുള്‍ ലത്തീഫിനു നല്‍കി. അടുത്ത ദിവസം അധാരം പനിക്കാന്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തണമെന്നും ബാക്കി തുക കൊണ്ടുവരണമെന്നും അബ്ദുള്‍ ലത്തീഫ് പരാതിക്കാരനോടു പറഞ്ഞു.
എന്നാല്‍ പരാതിക്കാരന്‍ വിജിലന്‍സിന്റെ വടക്കന്‍ മേഖലാ മേധാവി പ്രജീഷ് തോട്ടത്തിലിനെ വിവരം അറിയിച്ചു.
തുടര്‍ന്നു വിജിലന്‍സിന്റെ നിര്‍ദ്ദേശമനുസരിച്ച് അവര്‍ നല്‍കിയ പണം കൈമാറിയതും മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിലുള്ള സം പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും ആയിരുന്നു.