പത്തനംതിട്ട: ക്ഷീര കർഷകനിൽ നിന്ന് കൈക്കൂലി വാങ്ങിയ വെറ്ററിനറി സർജനെ പോലീസ് വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിയായ പെരുനാട് മൃഗാശുപത്രിയിലെ ഡോ.ബിലോണി ചാക്കോയാണ് അറസ്റ്റിലായത്.
റാന്നി പെരുനാട് പഞ്ചായത്തിലെ മുക്കം വെള്ളൂക്കുഴിയിലെ ഗീത സതീഷ് ക്ഷീര കർഷകയാണ്. ഇവർ പത്ത് പശുക്കളെ വളർത്തുന്നുണ്ട്. ഈ പശുക്കൾക്ക് ഇൻഷ്വറൻസ് എടുക്കുന്നതിനായി ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിലോണി ചാക്കോയെ അറസ്റ്റ് ചെയ്തത്.
വെറ്ററിനറി ഡോക്ടറുടെ ചുമതലയാണ് ഈ പശുക്കളെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഒരു പശുവിനു 300 രൂപ വച്ചാണ് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്നാണ് ഗീത വിജിലൻസിൽ പരാതി നൽകിയത്.
തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ ഡോക്ടർ വീട്ടിലെത്തിയപ്പോൾ വിജിലൻസ് നിർദ്ദേശ പ്രകാരം ഗീത നൽകിയ നോട്ടുകൾ ഡോക്ടർക്ക് നൽകിയതും പിടികൂടിയതും ഒരുമിച്ചായിരുന്നു. ഈ ഡോക്ടർ തന്നെ മറ്റൊരു ജില്ലയിൽ ജോലിയായിരുന്നപ്പോൾ കണക്കിലധികം പണം കണ്ടെത്തിയതും വിജിലൻസായിരുന്നു. ഇത് കൂടാതെ ഗീതയുടെ വീട്ടിലെ ഒരു പശു ചത്തപ്പോൾ ഇതേ ഡോക്ടർ പോസ്റ്റുമോർട്ടം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ വാങ്ങിയിരുന്നു എന്നും പോലീസ് അറിയിച്ചു.