പതിനേഴ് തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നാളെ;വോട്ടെണ്ണല്‍ ആഗസ്റ്റ് 11ന്
, ബുധന്‍, 9 ഓഗസ്റ്റ് 2023 (16:12 IST)
സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ആഗസ്റ്റ് 10 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ടുചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി. ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഓഗസ്റ്റ് 11 ന് രാവിലെ 10 നു വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
ഒന്‍പത് ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്ത്, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 54 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 22 പേര്‍ സ്ത്രീകളാണ്.
വോട്ടര്‍പട്ടിക ജൂലൈ 13 ന് പ്രസിദ്ധീകരിച്ചു. 20554 പുരുഷന്മാരും 22725 സ്ത്രീകളും ഉള്‍പ്പെടെ ആകെ 43279 വോട്ടര്‍മാര്‍. www.lsgelection.kerala.gov.in സൈറ്റില്‍ വോട്ടര്‍പട്ടിക ലഭ്യമാണ്.
വോട്ടെടുപ്പിന് 60 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കി വരുന്നു. പോളിംഗ് സാധനങ്ങള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് സെക്ടറല്‍ ഓഫീസര്‍മാര്‍ അതാത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം.മോക്ക്പോള്‍ വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് നടത്തും.
Follow Webdunia malayalam
അടുത്ത ലേഖനം