അഞ്ചിൽ ആര്? ആത്മവിശ്വാസത്തോടെ യുഡി‌എഫ്, പ്രതീക്ഷ കൈവിടാതെ എൽ ഡി എഫ്; മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകം

ചിപ്പി പീലിപ്പോസ്

വ്യാഴം, 24 ഒക്‌ടോബര്‍ 2019 (08:02 IST)
അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എണ്ണിത്തുടങ്ങി. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്നു മുന്നണികള്‍ക്കും തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. അഞ്ച് മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികൾ പ്രതീക്ഷയിലാണ്. 
 
എട്ട് മണിക്കാരംഭിച്ച വോട്ടെണ്ണലിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. വട്ടിയൂര്‍ക്കാവ് 12, അരൂരില്‍ 14, കോന്നിയില്‍ 16, മഞ്ചേശ്വരത്ത് 17, എറണാകുളത്ത് 10 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 9 മണിയോടെ ആദ്യ ഫല സൂചന പുറത്തുവരും. 
 
മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനാല്‍ അന്തിമ ഫലത്തിന് അവസാന റൗണ്ടുകള്‍ വരെ കാത്തിരിക്കേണ്ടി വരും. ആറ് മണ്ഡലങ്ങളില്‍ പാല നേടിയ എല്‍ഡിഎഫ് ഒരു പടി മുന്നിലാണ്. പാലായിൽ നേടിയെടുത്ത മേൽക്കൈ ഇവിടങ്ങളിൽ ആവർത്തിക്കാൻ എൽ ഡി എഫിനു സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം. 
 
തെരഞ്ഞെടുപ്പില്‍ അരൂരില്‍ 80.47 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് പോളിംഗ് ശതമാനം 75.58 ആണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 75.88 ഉം 2016ല്‍ 76.19 ശതമാനവുമായിരുന്നു പോളിംഗ്. കോന്നിയില്‍ 70.07 ആണ് പോളിംഗ് ശതമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 74.24 ഉം 2016ല്‍ 73.19 ശതമാനവുമായിരുന്നു പോളിംഗ്. ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനം പേര്‍ വോട്ടു ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 69.34 ഉം 2016ല്‍ 69.83 ശതമാനവുമായിരുന്നു പോളിംഗ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇനി എണ്ണക്കമ്പനികൾ അല്ലാത്തവർക്കും രാജ്യത്ത് പെട്രോൾ പമ്പുകൾ തുടങ്ങാം, മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം