Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുമ്മനത്തിന് ഉമ്മ നല്‍കിയ ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് സി എസ് ചന്ദ്രിക

കുമ്മനത്തിന് ഉമ്മ നല്‍കിയ ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് സി എസ് ചന്ദ്രിക

അജീഷ് അഞ്ചല്‍

തിരുവനന്തപുരം , ശനി, 2 നവം‌ബര്‍ 2019 (20:26 IST)
ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന് ചുംബനം നല്‍കിയ എഴുത്തുകാരന്‍ ജോര്‍ജ്ജ് ഓണക്കൂറുമായി വേദി പങ്കിടാന്‍ താനില്ലെന്ന് എഴുത്തുകാരി സി എസ് ചന്ദ്രിക. വാളയാര്‍ സംഭവം ഉയര്‍ത്തിക്കാട്ടി കേരളത്തില്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്ന ബി ജെ പിയെ തിരിച്ചറിയാന്‍ ഓണക്കൂറിന് കഴിയുന്നില്ലേയെന്ന ചോദ്യമുയര്‍ത്തിയാണ് ഓണക്കൂര്‍ പങ്കെടുക്കുന്ന വേദി ബഹിഷ്കരിക്കാന്‍ ചന്ദ്രിക തീരുമാനിച്ചത്.
 
വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ കുമ്മനം രാജശേഖരന്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യാന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ എത്തിയിരുന്നു. ഉദ്ഘാടനത്തിന് ശേഷം കുമ്മനത്തിന് സ്നേഹചുംബനം നല്‍കുന്ന ഓണക്കൂറിന്‍റെ ചിത്രം മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് ഒരു എഴുത്തുകാരന്‍റെ രാഷ്ട്രീയചുംബനമാണെന്ന് ആരോപിച്ചുകൊണ്ടാണ് ജോര്‍ജ്ജ് ഓണക്കൂര്‍ പങ്കെടുക്കുന്ന പരിപാടി സി എസ് ചന്ദ്രിക ബഹിഷ്കരിച്ചത്. 
 
സി എസ് ചന്ദ്രികയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
 
പ്രസ്താവന
 
ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കേരളം മലയാള ഭാഷാ സായാഹ്ന പരിപാടിക്ക് എന്നെ വിളിച്ചിട്ടുണ്ട്. ഡോ. ജോർജ് ഓണക്കൂറും ഈ പരിപാടിയിൽ ഉണ്ടെന്ന് നേരത്തേ അയച്ചു കിട്ടിയ ബ്രോഷറിൽ നിന്ന് അറിഞ്ഞിരുന്നു. പരിപാടിയിൽ സന്തോഷത്തോടെ പങ്കെടുക്കാനിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ പത്രവാർത്ത കണ്ടതോടെ, കുമ്മനത്തിന്റെ 'സ്ത്രീ നീതി' സമരം ഉദ്ഘാടനം ചെയ്യുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരന്റെ കൂടെ വേദി പങ്കിടാൻ ഇന്ന് ഞാൻ തയ്യാറല്ല എന്ന് സംഘാടകരെ വിളിച്ചു പറഞ്ഞിട്ടുണ്ട്.
 
ഒരെഴുത്തുകാരൻ എന്ന നിലയിൽ ഇത്ര കാലവും ഡോ. ജോർജ് ഓണക്കൂറിനോട് സ്നേഹവും നല്ല സൗഹൃദമുണ്ടായിരുന്നു. പക്ഷേ ഇതെന്റെ കടുത്ത തീരുമാനം.
 
വാളയാറിലെ കുഞ്ഞുങ്ങളുടെ നീതിക്കായി എന്ന് പറഞ്ഞ് കേരളത്തിൽ കഴിയുന്നത്ര രാഷ്ടീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ബി ജെ പിയുടെ യഥാർത്ഥ മുഖമറിയാൻ ഒരെഴു ത്തുകാരന് ഇത്ര വലിയ പ്രയാസമോ? ഗുജറാത്ത് വംശഹത്യയുടെ ഇപ്പോഴും ചോരയുണങ്ങാത്ത അനുഭവങ്ങളെ മറക്കാൻ, പ്രപഞ്ച മാനവ സ്നേഹത്തിനും തുല്യനീതിക്കും വേണ്ടി നിലകൊള്ളേണ്ടുന്ന എഴുത്തുകാർക്ക് കഴിയുന്നതെങ്ങനെ! 
 
ബി ജെ പി അധികാരത്തിലുള്ള, പ്രബലമായ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന ലൈംഗികാക്രമണ പരമ്പരകളെക്കുറിച്ച് അല്പമെങ്കിലും ബോധമുണ്ടെങ്കിൽ ഡോ. ജോർജ് ഓണക്കൂർ അവരുടെ ഒപ്പം നില്ക്കുകയില്ല. കത്വവയിലെ കുഞ്ഞിന്റെ , മറ്റനേകം നിസ്വരായ ദലിത്, മുസ്ലീം അറും കൊലകളുടെ ദുർഗന്ധം പേറുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ മുഖത്ത് ഒരു എഴുത്തുകാരൻ സ്നേഹപൂർവം പരസ്യമായി നല്കിയ ഈ രാഷ്ട്രീയ ചുംബനം എന്നെ ഭയപ്പെടുത്തുന്നു, ഞാൻ അതീവ നടുക്കത്തിലും ദു:ഖത്തിലും രോഷത്തിലുമാണ് ഈ വരികൾ കുറിക്കുന്നത്.
 
സി.എസ്. ചന്ദ്രിക

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണിൽ സംസാരിച്ചുകൊണ്ട് യുവതി ചെന്നുവീണത് ട്രെയിനിന് മുന്നിലേക്ക്, അത്ഭുതകരമായ രക്ഷപ്പെടൽ, വീഡിയോ !