Select Your Language

Notifications

webdunia
webdunia
webdunia
webdunia

'70 ലക്ഷം തികയില്ലെന്ന് കണ്ടപ്പോൾ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ചു’- ആരോപണവുമായി വി മുരളീധരൻ

'70 ലക്ഷം തികയില്ലെന്ന് കണ്ടപ്പോൾ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ചു’- ആരോപണവുമായി വി മുരളീധരൻ

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 27 ജനുവരി 2020 (14:54 IST)
പൗരത്വ നിമയഭേദഗതിക്കെതിരായി ഇടതുമുന്നണിയുടെ നേതൃത്വത്തില്‍  കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരന്‍. 
 
കഴിഞ്ഞ 20 വർഷമായി ഇടതു മുന്നണിക്ക് പല പേരിൽ ഇറക്കുന്ന സ്ഥിരം സമരനമ്പറാണ് ഇന്നലെയും നടന്നതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. അന്ധമായ ബിജെപി വിരോധം പരത്തി മുസ്ളീമുകളെ കൂടെ നിര്‍ത്താനുള്ള ചരടുവലിയില്‍ പിണറായിയും രമേശ് ചെന്നിത്തലയും തകർത്ത് മത്സരിക്കട്ടെയെന്ന് മുരളീധരൻ പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം:
 
കലോത്സവ വേദികളിൽ മിമിക്രി മത്സരം നടക്കുമ്പോൾ സ്ഥിരം നമ്പറുകളാണ് മിക്ക കുട്ടികളും അവതരിപ്പിച്ചതെന്ന് വിധികർത്താക്കൾ പറഞ്ഞതായി കേൾക്കാറുണ്ട്. അങ്ങനെ നോക്കിയാൽ കഴിഞ്ഞ 20 വർഷമായി ഇടതു മുന്നണിക്ക് പല പേരിൽ ഇറക്കുന്ന ഒരു സ്ഥിരം സമരനമ്പറുണ്ട്. സൗകര്യം പോലെ അവർ അതിനെ ശൃംഖല, ചങ്ങല, മതിൽ, സംഗമം എന്നൊക്കെയങ്ങ് മലയാളത്തിലും സംസ്കൃതത്തിലുമൊക്കെ വിളിക്കും.
 
കഴിഞ്ഞ വർഷം ജനുവരിയിൽ വനിതാമതില്‍ പണിത് വിശ്വാസികളെ പറ്റിച്ച് രായ്ക്കു രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റിയ വിരുതൻമാരെ മലയാളിക്ക് അങ്ങനെ മറക്കാൻ പറ്റുമോ? പൊളിഞ്ഞു വീണ നവോത്ഥാന മതിലിന്റെ ബാക്കിപത്രമായി ആലപ്പുഴയിലെ കനൽ തരി മാത്രം അവശേഷിച്ച ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഇത്ര പെട്ടെന്ന് മറന്നോ പിണറായി വിജയനും കൂട്ടരും ? ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതകളെ മാത്രം കൂട്ടി ഒരു സാഹസത്തിന് മുതിര്‍ന്നില്ല. 
 
പകരം മറ്റൊരു 'വന്‍മതില്‍' പണിയാനാണ് തീരുമാനിച്ചത്. 70 ലക്ഷംപേരെ അണിനിരത്തുമെന്നായിരുന്നു പ്രഖ്യാപനം. അതുനടക്കില്ലെന്നുറപ്പായതോടെ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു. പാർട്ടി പ്രവർത്തകരും അണികളും പിന്നെ കുറെ നിഷ്പക്ഷരെന്ന് നടിക്കുന്നവരും വഴിയിലിറങ്ങി. ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ അഭിപ്രായമാണോയെന്നറിയാൻ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാതെ തരമില്ല. 
 
അന്ധമായ ബിജെപി വിരോധം പരത്തി മുസ്ളീമുകളെ കൂടെ നിര്‍ത്താനുള്ള ചരടുവലിയില്‍ പിണറായിയും രമേശ് ചെന്നിത്തലയും തകർത്ത് മത്സരിക്കട്ടെ. എത്ര പൊതിഞ്ഞുവച്ചാലും രണ്ടു കൂട്ടരുടെയും കപട മുസ്ലീം സ്നേഹത്തിന്റെ മുഖംമൂടി ഉടനെ തന്നെയഴിഞ്ഞു വീഴും. അന്ന്, ശൃംഖലക്കാരുടെയും കൈ നനയാതെ മീൻ പിടിക്കുന്നവരുടെയുമൊക്കെ ചങ്ങലയ്ക്കുറപ്പുണ്ടോ, അതോ ജനം ചങ്ങലയ്ക്കിടുമോയെന്നറിയാൻ നമുക്ക് കാത്തിരിക്കാം!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു വർഷത്തിനുള്ളിൽ 15 സ്ഥലങ്ങൾ സന്ദർശിച്ചാൽ സർക്കാർ പണം തിരികെനൽകും !