Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

താടിയിലെ ചർമം ഗ്രാഫ്‌റ്റ് ചെയ്തു; വായ നിറയെ മുടി; ദുരിതത്തിൽ അർബുദ‌രോഗി

വായ്ക്കുള്ളില്‍ അര്‍ബുദം ബാധിച്ച ചര്‍മം നീക്കി പകരം താടിയില്‍ നിന്ന് ചര്‍മം ശസ്ത്രക്രിയ നടത്തി പിടിപ്പിച്ചതാണ് ഈ ദുരിതത്തിന് കാരണമായത്.

thiruvananthapuram

റെയ്‌നാ തോമസ്

, വ്യാഴം, 6 ഫെബ്രുവരി 2020 (09:39 IST)
വായ്ക്കുള്ളില്‍ നിറയെ മുടി വളര്‍ന്ന് ആഹാരം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് തിരുവനന്തപുരം വെള്ളറട സ്വദേശി സ്റ്റീഫന്‍. വായ്ക്കുള്ളില്‍ അര്‍ബുദം ബാധിച്ച ചര്‍മം നീക്കി പകരം താടിയില്‍ നിന്ന് ചര്‍മം ശസ്ത്രക്രിയ നടത്തി പിടിപ്പിച്ചതാണ് ഈ ദുരിതത്തിന് കാരണമായത്. ആഹാരം കഴിക്കാന്‍ പോയിട്ട് വെള്ളം കുടിക്കാനും തുപ്പാന്‍ പോലും കഴിയാത്ത നിസ്സഹായാവസ്ഥ. 
 
വായിലെ ചെറു മുഴ തിരുവനന്തപുരത്തെ അര്‍ബുദ ചികിത്സാ കേന്ദ്രത്തിൽ രണ്ടുവര്‍ഷം മുന്‍പാണ് നീക്കം ചെയ്തത്. മുഴ നീക്കം ചെയ്യുമെന്നും ആ ഭാഗത്ത് തുടയില്‍നിന്നു ചര്‍മമെടുത്ത് വച്ചുപിടിപ്പിക്കുമെന്നാണ് സ്റ്റീഫനോട് ഡോക്ടര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ തുടയില്‍ നിന്നു ചര്‍മമെടുത്തില്ല. പകരം എടുത്തത് കീഴ്ത്താടിയില്‍ നിന്ന്. ആശുപത്രി വിട്ടു വീട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുടി വളരാന്‍ തുടങ്ങി. വിവരം പറഞ്ഞപ്പോള്‍ മൗനമായിരുന്നു ഡോക്ടറുടെ മറുപടി. അടുത്ത തവണ ഡോക്ടറെ കാണാന്‍ പോയപ്പോള്‍ ബുദ്ധിമുട്ടുകള്‍ നിരത്തി. മുടി വെട്ടിക്കളയാനായിരുന്നു നിര്‍ദേശം. അങ്ങനെ വെട്ടാന്‍ ശ്രമിച്ചു. മക്കളും സഹായത്തിനെത്തി.
 
സ്റ്റീഫന് തെങ്ങുകയറ്റമായിരുന്നു തൊഴില്‍. ഇപ്പോള്‍ അതിന് സാധിക്കുന്നില്ല. ദുരിതം സഹിക്കാതെ അടുത്തിടെ ഡോക്ടറെ വീണ്ടും കണ്ടു. ജീവിക്കാന്‍ സാധിക്കുന്നില്ലെന്ന് സ്റ്റീഫനും ഭാര്യയും കരഞ്ഞു പറഞ്ഞു. അപ്പോഴാണ് മുടി സ്വയം വെട്ടാന്‍ സാധിക്കുന്നില്ലെങ്കില്‍ ബാര്‍ബറെ വിളിച്ച്‌ വെട്ടിക്കാന്‍ നിര്‍ദേശിച്ചത്.

ഇതോടെ മാനസികമായി തളര്‍ന്നു. ആഹാരം കഴിക്കാതെ തുടരുന്നതിനാല്‍ ഇടയ്ക്കിടെ ബോധം കെട്ടു വീണുപോകുന്നു. ആനാവൂര്‍ തേരണിയിലെ പണിതീരാത്ത വീടിന്റെ ഉള്‍മുറിയില്‍ തന്നെ എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ കഴിഞ്ഞുകൂടുകയാണ് സ്റ്റീഫന്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറക്കമുണരാൻ വൈകി; സഹോദരിയുടെ മുന്നിൽവച്ച് പരസ്യമായി ശകാരിച്ച ഭാര്യയെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു