കണ്ണൂര്‍ : സി.ബി.ഐ ചമഞ്ഞ് വ്യാജമായി അറസ്റ്റ് ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികന്റെ 3.15 കോടി തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കണ്ണൂര്‍ ക്രൈം ബാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ആന്തൂര്‍ മൊറാഴ പാളിയത്തു വളപ്പ് കരോത്തു വളപ്പില്‍ ഭാര്‍ഗവനെ (74) കബളിപ്പിച്ച് 3.15 കോടി തട്ടിയെടുത്ത സംഘത്തിലെ കോഴിക്കോട് താമരശേരി ഓമശേരി സ്വദേശി എം.പി.ഫഹ്മി ജാവേദ് എന്ന 22 കാരനെയാണ് കണ്ണര്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നേത്യത്തിലുള്ള പോലീസ് സംഘം വയനാട് വൈത്തിരിയില്‍ നിന്ന് പിടി കൂടിയത്.
കൊല്‍ക്കത്ത സംഘമാണ് തട്ടിപ്പിനു പിന്നിലെങ്കിലും തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം എത്തിയത് ഇപ്പോള്‍ പിടിയിലായ ഫഹ്മി ജാവേദിന്റെ അക്കൗണ്ടിലേക്കാണ്. തട്ടിപ്പ് ആരംഭിച്ചത് ഇപ്രകാരം: വിദേശത്തു ജോലി ചെയ്തിരുന്ന ഭാര്‍ഗവന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ സിം കാര്‍ഡ് എടുക്കുകയും അത് ഉപയോഗിച്ച് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നും പറഞ്ഞു മുബൈ ടെലിക്കോമില്‍ നിന്ന് എന്ന് പരിചയപ്പെടുത്തി ഒരാള്‍ ഭാര്‍ഗവനെ വിളിച്ചിരുന്നു. ഇതിനൊപ്പം ഈ സിം കാര്‍ഡ് ഉപയോഗിച്ചു നടന്ന തട്ടിപ്പിന് ഇരയായ ഒരു കുടുംബം ആത്മഹത്യ ചെയ്തു എന്നും പറഞ്ഞു.
ഇതിനു ശേഷം മുംബൈ പോലീസ് എന്നും സി.ബി.ഐ എന്നും പറഞ്ഞ് വീഡിയോ കോളുകളും വന്നു. ഇതിലൂടെ ഭാര്‍ഗവനെ വെര്‍ച്ചല്‍ അറസ്റ്റ് ചെയ്തതായും വിദേശത്തുള്ള മക്കളേയും അറസ്റ്റു ചെയ്യുമെന്നു പറഞ്ഞു. ഇതിനൊപ്പം ഭാര്‍ഗവന്റെ അക്കൗണ്ടുകളിലെ പണം പരിശോധിക്കണം എന്നും ആ പണം ചില അക്കൗണ്ടുകളിലേക്ക് അയയ്ക്കണം എന്നും ആവശ്യപ്പെട്ടു. ഭയന്നു പോയ ഭാര്‍ഗവന്‍ അവര്‍ പറഞ്ഞത് പ്രകാരം തന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകളിലെ 3.15 കോടി രൂപ അവര്‍ക്ക് അയച്ചു. എന്നാല്‍ പിന്നീട് ഇതേ കുറിച്ച് ഒന്നും അറിയാതായപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായി എന്നു മനസിലാക്കിയത്.
തുടര്‍ന്നാണ് ഭാര്‍ഗവന്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ പരാതി ക്രൈം ബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് SP പ്രജീഷ് തോട്ടത്തില്‍, ഡി.വൈ.എസ്പി കീര്‍ത്തി ബാബു എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ഭാര്‍ഗ്ഗവന്റെ പണം കൊല്‍ക്കത്തയിലെ അഫ്‌സന ടൂര്‍സ് & ട്രാവല്‍സിന്റെ ഉള്‍പ്പെടെ 360 അക്കൗണ്ടുകളിലേക്കാണ് പോയത് എന്നു കണ്ടെത്തി. ഇതില്‍ 27 ലക്ഷം രൂപ പോയത് ഫഹ്മി ജാവേദിന്റെ അക്കൗണ്ടിലേക്കാണ് എന്നും കണ്ടെത്തി.
തുടരന്വേഷണത്തില്‍ ഇയാള്‍ പണം തട്ടിപ്പു സംഘത്തിനു കൈമാറുന്ന ഇടനിലക്കാരനാണെന്നു കണ്ടെത്തി. ഇതിനായി ഇയാള്‍ നാലു സുഹൃത്തുക്കളുടെ അക്കൗണ്ടുകളും എ.റ്റി.എം കാര്‍ഡുകളും വാങ്ങി ഉപയോഗിച്ചിരുന്നു. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദ് കേന്ദ്രമായുള്ള സംഘമായിരുന്നു ഇതിനു പിന്നില്‍ എന്നും കണ്ടെത്തിയിരുന്നു.