യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പുനഃസംഘടനയില്‍ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതൃപദവിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.
കഴിഞ്ഞ വര്‍ഷം പിതാവിന്റെ ഓര്‍മ ദിവസമാണ് തന്നെ പദവിയില്‍ നിന്ന് മാറ്റിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. അപ്പോഴും പാര്‍ട്ടി തീരുമാനം അംഗീകരിച്ചു. പാര്‍ട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തില്‍ അംഗീകരിക്കുകയാണ് ശരിയായ രീതി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ താന്‍ രാജിവെച്ച് ഒഴിയുമായിരുന്നു. എന്നെ അപമാനിക്കുന്ന വിധമാണ് അന്ന് പദവിയില്‍ നിന്ന് നീക്കിയത്- ചാണ്ടി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് അബിനു അര്‍ഹതയുണ്ടായിരുന്നു. തഴയപ്പെട്ടതില്‍ വിഷമം തോന്നിക്കാണുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അബിന്‍ വളരെ അധികം കഷ്ടപ്പെട്ടിട്ടുള്ള നേതാവാണ്. പരിഗണിക്കേണ്ട ആളാണ് എന്നതില്‍ സംശയമില്ല. വേദനയുണ്ടാവുക സ്വാഭാവികമാണ്. പാര്‍ട്ടിയുടെ തീരുമാനം ഇഷ്ടമാണെങ്കിലും അല്ലെങ്കിലും സ്വീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.