മൃതദേഹാവശിഷ്ടങ്ങള്‍ സ്ത്രീയുടേത്, കാറില്‍ കത്തിയും ചുറ്റികയും; സഹകരിക്കാതെ സെബാസ്റ്റ്യന്‍
സെബാസ്റ്റ്യന്റെ കാര്‍ ഭാര്യവീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു
അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മ തിരോധാനക്കേസിലെ പ്രതി പള്ളിപ്പുറം ചൊങ്ങുതറ സി.എം.സെബാസ്റ്റ്യന്റെ (68) കാറില്‍ നിന്ന് കത്തി, ചുറ്റിക, ഡീസല്‍ മണമുള്ള കന്നാസ്, പഴ്‌സ് എന്നിവ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി. വെട്ടിമുകളില്‍ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
സെബാസ്റ്റ്യന്റെ കാര്‍ ഭാര്യവീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഡീസലിന്റെ മണമുള്ള 20 ലീറ്ററിന്റെ കന്നാസാണ് കാറില്‍ നിന്ന് ലഭിച്ചത്. ഇതില്‍ ഡീസല്‍ വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ മൊബൈല്‍ ഫോണിനായുള്ള തെരച്ചില്‍ തുടരുകയാണ്.
സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ച മൃതദേഹാവിശ്ഷടങ്ങള്‍ സ്ത്രീയുടേതാണെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. ഇത് ജെയ്‌നമ്മയുടേതാണോയെന്നു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനാഫലവും മറ്റു രാസപരിശോധനാഫലങ്ങളും ലഭിക്കേണ്ടതുണ്ട്. ജെയ്‌നമ്മയുടെ ഫോണ്‍ കണ്ടെത്തുകയും വേണം.
സെബാസ്റ്റ്യനെ കോടതി ഏഴു ദിവസത്തേക്കു കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതി സെബാസ്റ്റ്യന്‍ തന്നെയെന്നതിനു തെളിവുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് കസ്റ്റഡി അനുവദിച്ചത്.