ഇറച്ചിക്കോഴി വില വര്‍ധനവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമകള്‍. ഇറച്ചിക്കോഴിവില കൂടുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടലുടമകള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കോഴിവിഭവം ഒഴിവാക്കുമെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് ഹോട്ടലുടമകള്‍ കത്ത് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ഇറച്ചിക്കോഴി വില കുതിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ഇന്ന് കോഴിയിറച്ചിക്ക് 240 രൂപയാണ് വില. ഒരു മാസത്തിനിടെ 100 രൂപ കൂടി. മറ്റ് പല ജില്ലകളിലും കോഴിയിറച്ചിക്ക് 150 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്. ഫാമുകള്‍ കോഴി ഉല്‍പാദനം എഴുപത് ശതമാനംവരെ കുറച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം. തുടര്‍ച്ചയായ വിലയിടിവും ലോക്ക്ഡൗണ്‍ ആശങ്കകളുമാണ് ഫാമുകളില്‍ ഉത്പാദനം കുറയ്ക്കാന്‍ കാരണം. കോഴിത്തീറ്റവില കൂടുന്നതും ഇറച്ചിക്കോഴി വില ഉയരാന്‍ കാരണമായി. കോഴിത്തീറ്റ വില കുറയാതെ ഇനി ഇറച്ചിക്കോഴി വില കുറയ്ക്കില്ലെന്നാണ് ഫാം ഉടമകള്‍ പറയുന്നത്.