കേരളത്തില്‍ ഇറച്ചിക്കോഴിയുടെ വില ഇനിയും ഉയരും. വില 150 കടക്കാനും സാധ്യതയുണ്ട്. ഈ അടുത്ത കാലത്തൊന്നും ഇറച്ചിക്കോഴിക്ക് ഇത്ര വില വര്‍ധിച്ചിട്ടില്ല.
കേരളത്തിലേക്ക് കൂടുതലും ഇറച്ചിക്കോഴി എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടായ നഷ്ടം നികത്താനായി തമിഴ്‌നാട്ടിലെ ഫാം ഉടമകള്‍ ഇറച്ചിക്കോഴിക്ക് വില കൂട്ടിയതാണ് കേരളത്തിലും വില ഉയരാന്‍ പ്രധാന കാരണം.
കടുത്ത ചൂടിനെ തുടര്‍ന്ന് ഫാമിലുള്ള കോഴികള്‍ ധാരാളം ചത്തൊടുങ്ങുകയാണെന്നും ആ നഷ്ടം നികത്താനാണ് വില വര്‍ധിപ്പിക്കുന്നതെന്നും ഫാം ഉടമകള്‍ പറയുന്നു. മാത്രമല്ല, കേരളത്തിലെ ഫാമുകളില്‍ കോഴികളെ വളര്‍ത്തി വലുതാക്കാന്‍ ചെലവ് കൂടുതലാണ്.
കോഴിക്കുഞ്ഞുങ്ങളും തീറ്റയും ഉള്‍പ്പെടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെ ഫാമുകളിലേക്ക് എത്തിക്കുന്നത്. കേരളത്തില്‍ എത്തുന്നതിനു മുന്‍പ് രണ്ടോ മൂന്നോ ഇടനിലക്കാരുണ്ടാകും. ഇതെല്ലാം അധിക ബാധ്യതയാണെന്നാണ് കേരളത്തിലെ ഫാം ഉടമകള്‍ പറയുന്നത്. ഇടനിലക്കാര്‍ക്ക് നല്‍കുന്ന കമ്മീഷനെല്ലാം കഴിച്ച് പത്തോ പതിനഞ്ചോ രൂപ ലാഭം കിട്ടുന്ന തരത്തിലാണ് കേരളത്തില്‍ ഇറച്ചിക്കോഴി വില്‍പ്പന നടക്കുന്നത്.