Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടര്‍ന്നു പിടിക്കുന്നതരത്തിലുള്ള വൈറസുകളെ ഒന്നും ചൈനയില്‍ കണ്ടെത്തിയിട്ടില്ല; പക്ഷെ മലയാളികള്‍ ശ്രദ്ധിക്കണം

പടര്‍ന്നു പിടിക്കുന്നതരത്തിലുള്ള വൈറസുകളെ ഒന്നും ചൈനയില്‍ കണ്ടെത്തിയിട്ടില്ല; പക്ഷെ മലയാളികള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 ജനുവരി 2025 (21:12 IST)
ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഹാമാരിയാകാന്‍ സാധ്യത കല്‍പ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയില്‍ ഈ അവസരത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും മലയാളികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുള്‍പ്പെട ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രവാസികള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും നാം ജാഗ്രത പുലര്‍ത്തണം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മൂന്ന് തരത്തിലുള്ള വൈറസുകളാകാം ചൈനയില്‍ ഭീതി പടര്‍ത്തുന്ന രീതിയില്‍ ശ്വാസകോശ അണുബാധകള്‍ ഉണ്ടെങ്കില്‍ അവക്ക് കാരണം. . ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (HMPV), കോവിഡ് 19 ന്റെ ചില വകഭേദങ്ങള്‍, ഇന്‍ഫ്ലുവന്‍സ എ വൈറസ്ബാധകള്‍ എന്നിവയാണ് അവ. മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങള്‍ ഇവയില്‍ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ നാം കരുതിയിരിക്കണം.
 
മേല്‍പ്പറഞ്ഞ മൂന്നുതരം വൈറസുകളില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ  വൈറസ് ആണ് താരതമ്യേന നമുക്ക് അപരിചിതമായ വൈറസ്. ഈ വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വര്‍ഷത്തില്‍ കൂടുതലായി കേരളം ഉള്‍പ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. നമുക്ക് തന്നെ മുന്‍പ് വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം. അതുകൊണ്ടുതന്നെ HMPV യെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാന്‍ കഴിയില്ല. കേരളത്തിലും കുട്ടികളില്‍ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളില്‍ ന്യൂമോണിയകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നമ്മുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളും ഉണ്ട്. 
 
വൈറസില്‍ കാര്യമായ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടില്ല എങ്കില്‍ HMPV വളരെയധികം ഭീതി വരുത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. അതാണ് നിലവില്‍ നാം ചെയ്യുന്നത്. അതോടൊപ്പം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പക്ഷം അവരെയും പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. എന്നാല്‍ പ്രവാസികള്‍ക്ക് പ്രത്യേകമായ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ നിലവില്‍ ആവശ്യമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

69മത് കലോത്സവത്തിന് തുടക്കമായി; അഞ്ചുദിവസം അനന്തപുരിയില്‍ അരങ്ങേറുന്നത് 249 മത്സരയിനങ്ങള്‍