ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്തുവിട്ടു; തുക ഒന്നടങ്കം പലിശ സഹിതം തിരിച്ചുപിടിക്കും
വര്‍ഷങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ധനവകുപ്പാണ് ആദ്യം പുറത്തുവിട്ടത്
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഇവരില്‍ നിന്ന് പെന്‍ഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.
വര്‍ഷങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ധനവകുപ്പാണ് ആദ്യം പുറത്തുവിട്ടത്. ഇതില്‍ വിവിധ വകുപ്പുകളില്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ പേരുകള്‍ സഹിതമുള്ള പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി എടുക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ക്രമക്കേട് നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഏറ്റവുമധികം പേര്‍ ആരോഗ്യവകുപ്പ് ജീവനക്കാരാണ്. ആരോഗ്യവകുപ്പില്‍ താഴെക്കിടയിലെ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് തട്ടിപ്പ് നടത്തിയത്. ക്ലര്‍ക്ക്, ഫാര്‍മസിസ്റ്റ്, യുഡി ടൈപ്പിസ്റ്റ്, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് തട്ടിപ്പ് നടത്തിയത്.