ഓണാഘോഷങ്ങള്‍ അവസാനിച്ചു; കേരളത്തിലെ പല പട്ടണങ്ങളും 'മാലിന്യക്കൂമ്പാര'മായി മാറി !
ഓണം കഴിഞ്ഞതോടെ കേരളത്തിലെ പല പട്ടണങ്ങളും ഡംപിങ് യാർഡുകളായി മാറി
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷക്കാലമായ ഓണം വിടവാങ്ങി. മാലോകരെല്ലാം ഒന്നു പോലെ ജീവിച്ചിരുന്ന ഭൂതകാലത്തിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയായിരുന്നു ഓണം. ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളും കൊണ്ടാണ് മലയാളികള്‍ ഓരോരുത്തരും ഓണത്തെ വരവേറ്റത്. പതിവു പോലെ പൂക്കളമൊരുക്കിയും സദ്യയൊരുക്കിയുമാണ് മലയാളികള്‍ ഇത്തവണയും ഓണത്തെ വരവേറ്റത്. മലയാളി പൂക്കളങ്ങളില്‍ നിറഞ്ഞുനിന്നത് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വന്ന പൂക്കളായിരുന്നെങ്കില്‍ സദ്യയില്‍ മുന്നില്‍ നിന്നത് അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പച്ചക്കറികള്‍ ആയിരുന്നു.
ഓണം കഴിഞ്ഞതോടെ കേരളത്തിലെ പല പട്ടണങ്ങളും ഡംപിങ് യാർഡുകളായി മാറിയിരിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം നഗരവീഥികളിലും മറ്റുമായി ടണ്‍ കണക്കിനു മാലിന്യങ്ങളാണ് കുമിഞ്ഞ് കൂടി കിടക്കുന്നത്. തുടര്‍ച്ചയായി വന്ന ഒഴിവുദിവസങ്ങള്‍ കാരണം നഗരസഭകളിലേയും കോര്‍പറേഷനുകളിലേയും തൂപ്പുതൊഴിലാളികളാരും തന്നെ ജോലിക്കെത്താത്തതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി മുഴുവന്‍ മാലിന്യങ്ങളും പല സ്ഥലങ്ങളിലും കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുകയാണ്. ഇനി തിങ്കളാഴ്ച മുതല്‍ക്കേ എല്ലാം ശരിയായ രീതിയില്‍ നടക്കാന്‍ സാധ്യതയുള്ളൂ.
ഒരു സാധാരണ ദിവസം ഏകദേശം 300 ടണ്‍ മാലിന്യമാണ് പല കോര്‍പറേഷന്‍ പരിധികളിലും തള്ളുന്നത്. എന്നാല്‍ ഓണം പോലുള്ള പ്രധാന ദിവസങ്ങളിലും മറ്റും ഏകദേശം 340മുതല്‍ 400ടണ്‍ വരെ മാലിന്യമാണ് പുറം തള്ളുന്നത്. ഭക്ഷണവസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് പ്രധാനമായും കുമിഞ്ഞുകിടക്കുന്നത്. പൊതുഅവധി ദിവസങ്ങളായതും തൊഴിലാളികളുടെ ദൌര്‍ലഭ്യവുമാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായത്. കൂടാതെ ഇതിനായുള്ള ബദല്‍ ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതില്‍ അധികാരികള്‍ ശ്രദ്ധചെലുത്താതിരുന്നതും പൂക്കളുടെ മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടതും മാലിന്യം കുമിഞ്ഞുകൂടുന്നതിന് കാരണമായി.